ലിവർപൂൾ: ഇംഗ്ലീഷ് ഗ്ലാമർ ടീമായ ലിവർപൂൾ സ്വന്തം തട്ടകമായ ആൻഫീൽഡിൽ നീണ്ട 68 മത്സരങ്ങൾക്കുശേഷം തലതാഴ്ത്തി. പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ലിവർപൂളിനെ ഹോം മത്സരത്തിൽ 1-0ന് ബേണ്‍ലി അട്ടിമറിച്ചു.
83-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് വലയിലാക്കി ആഷ്ലി ബാണ്‍സ് ആണു ബേണ്‍ലിക്കു ജയം സമ്മാനിച്ചത്. 82-ാം മിനിറ്റിൽ ലിവർപൂൾ താരം ഫാബിഞ്ഞോയെ മറികടന്ന് ഗോളിലേക്കു മുന്നേറുകയായിരുന്ന ബാണ്‍സിനെ ബോക്സിനുള്ളിൽ ഗോളി ആലിസണ് ബക്കർ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. പന്ത് പിടിച്ചെടുക്കാനുള്ള ആലിസണിന്റെ ശ്രമത്തിനിടെ ബാണ്‍സ് വീഴുകയായിരുന്നു.
ഗോളില്ലാ വർഷം
2021 ലിവർപൂളിന് ഇതുവരെ ശുഭകരമല്ല. ഈ വർഷം ലിവർപൂൾ പ്രീമിയർ ലീഗിൽ ഒരു ജയം പോലും നേടിയില്ല. ജനുവരി അഞ്ചിനു സതാംപ്ണടിനോട് എവേ പോരാട്ടത്തിൽ പരാജയപ്പെട്ടാണു ലിവർപൂളിന്റെ തുടക്കം. അന്നാണ് അവസാനമായി ലിവർപൂൾ ലീഗ് ടേബിളിന്റെ തലപ്പത്ത് ഉണ്ടായത്. തുടർന്ന് താഴേക്കു പതിച്ച ലിവർപൂൾ, നിലവിൽ 19 മത്സരങ്ങളിൽനിന്ന് 34 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽനിന്ന് 40 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാമതും 38 പോയിന്റുമായി ലെസ്റ്റർ സിറ്റി മൂന്നാമതുമുണ്ട്. 18 മത്സരങ്ങളിൽനിന്ന് 38 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്.
ഈ വർഷം കളിച്ച മൂന്ന് ലീഗ് മത്സരങ്ങളിൽ ലിവർപൂളിനു ഗോൾ നേടാൻ സാധിച്ചിട്ടില്ല. രണ്ടെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും യർഗൻ ക്ലോപ്പിന്റെ കുട്ടികൾക്കു ജയമില്ല.
തലേംകുത്തി താഴെ!
01:03 AM Jan 23, 2021 | Deepika.com