ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്ലേയിംഗ് ഇലവൺ പ്രഖ്യാപനം അവസാന മണിക്കൂറിലേക്ക് നീട്ടിവച്ചു. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുംറയെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്തുമോ എന്നതുൾപ്പെടെയുള്ള തീരുമാനം ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ മാത്രമേ വെളിപ്പെടൂ. രാവിലെ 5.30നാണ് മത്സരം ആരംഭിക്കുക.
ബുംറയുടെ ആരോഗ്യനില മെഡിക്കൽ സംഘം വിലയിരുത്തിവരുകയാണെന്നും അദ്ദേഹം കളിക്കുമോ എന്നതു സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച പുലർച്ചെ മാത്രമേ പറയാനാകൂ എന്നും ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ പറഞ്ഞു. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവർ നാലാം ടെസ്റ്റിനുണ്ടാകില്ലെന്ന് ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഗാബ ചരിത്രം
ഗാബ മൈതാനത്ത് 1988നു ശേഷം ഇതുവരെ ഓസ്ട്രേലിയ പരാജയപ്പെട്ടിട്ടില്ല. വെസ്റ്റ് ഇൻഡീസിനോടായിരുന്നു 1988ൽ ഓസ്ട്രേലിയ ഇവിടെ അവസാന പരാജയം രുചിച്ചത്. 2013നു ശേഷം തുടർച്ചയായി ഏഴ് മത്സരങ്ങൾ ഓസ്ട്രേലിയ ഗാബയിൽ ജയിച്ചു. 62 മത്സരങ്ങൾ ഓസ്ട്രേലിയ ഇവിടെ കളിച്ചതിൽ 40ലും വിജയിച്ചു, എട്ട് എണ്ണത്തിൽ പരാജയപ്പെട്ടപ്പോൾ 13 എണ്ണം സമനിലയും ഒരെണ്ണം ടൈയും ആയി. അതേസമയം, ഇന്ത്യ ഗാബയിൽ ആറ് മത്സരങ്ങൾ കളിച്ചതിൽ അഞ്ചിലും പരാജയപ്പെട്ടു. ഒരു സമനില മാത്രമാണ് ഇന്ത്യക്ക് നേടാൻ സാധിച്ചത്, 2003-04ൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണത്.
പ്ലേയിംഗ് ഇലവൺ പ്രഖ്യാപനം അവസാന നിമിഷത്തേക്കു മാറ്റിവച്ച് ഇന്ത്യ
02:19 AM Jan 15, 2021 | Deepika.com