ലണ്ടൻ: അലക്സ് ഫെർഗൂസണ് പടിയിറങ്ങിയശേഷം പ്രൗഢി നഷ്ടപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എട്ടു വർഷത്തിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിന്റെ തലപ്പത്ത്. ബേണ്‍ലിക്കെതിരായ എവേ പോരാട്ടത്തിൽ 1-0നു ജയിച്ചതോടെയാണു മാഞ്ചസ്റ്റർ യുണൈറ്റഡ് 2012-13 സീസണിനുശേഷം ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.
ഗോൾരഹിതമായ 70 മിനിറ്റിനുശേഷം 71-ാം മിനിറ്റിൽ ഉജ്വലമായൊരു വോളിയിലൂടെ ഫ്രഞ്ച് താരം പോൾ പോഗ്ബ യുണൈറ്റഡിനു വിജയം സമ്മാനിച്ച ഗോൾ സ്വന്തമാക്കി. ആദ്യ പകുതിയിൽ ക്യാപ്റ്റൻ ഹാരി മഗ്വയർ ബേണ്‍ലിയുടെ വല കുലുക്കിയെങ്കിലും വിഎആറിലൂടെ റഫറി അത് നിഷേധിച്ചു. മറ്റു മത്സരങ്ങളിൽ ഷെഫീൽഡ് യുണൈറ്റഡ് 1-0ന് ന്യൂകാസിൽ യുണൈറ്റഡിനെയും എവർട്ടണ് 2-1ന് വൂൾവ്സിനെയും കീഴടക്കി.
17 മത്സരങ്ങൾ പൂർത്തിയായപ്പോൾ 36 പോയിന്റാണു ചുവന്ന ചെകുത്താന്മാർ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്. ദ റെഡ്സ് എന്ന വിശേഷണമുള്ള ലിവർപൂളിനെയാണ് (17 മത്സരങ്ങളിൽനിന്ന് 33 പോയിന്റ്) മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്തള്ളിയത്. ലെസ്റ്റർ സിറ്റി (32), എവർട്ടണ് (32) ടോട്ടനം (16 മത്സരത്തിൽ 29), മാഞ്ചസ്റ്റർ സിറ്റി (15 മത്സരങ്ങളിൽ 29) എന്നിവയും കിരീടപോരാട്ട വഴിയിലുണ്ട്.
ലിവർപൂൾ x യുണൈറ്റഡ്
ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 10.00ന് നടക്കുന്ന ലിവർപൂൾ x മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടത്തിനു ചൂടേറുമെന്ന് ഇതോടെ ഉറപ്പായി. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണു മത്സരം. ആൻഫീൽഡ്പോരാട്ടത്തിനു തയാറായിക്കഴിഞ്ഞതായി യുണൈറ്റഡ് താരം പോഗ്ബ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ഞായറാഴ്ച യുണൈറ്റഡ് ജയിച്ചാൽ അവർക്ക് 2019-2020 സീസണ് ജേതാക്കളായ ലിവർപൂളിനേക്കാൾ ആറ് പോയിന്റ് മുന്നിലെത്താം. അതിനാൽ യർഗൻ ക്ലോപ്പിന്റെ ലിവർപൂളും ഓലെ ഗണ്ണർ സോൾഷെയറിന്റെ യുണൈറ്റഡും സർവസന്നാഹവുമൊരുക്കിയാകും ഏറ്റുമുട്ടുക. 2009നുശേഷം ഇതാദ്യമായാണ് ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തിനായി ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും കൊന്പുകോർക്കുന്നതെന്നതും ചരിത്രം.
മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് ടേബിളിൽ ഏഴു വർഷത്തിനുശേഷം ഒന്നാം സ്ഥാനത്ത്
11:59 PM Jan 13, 2021 | Deepika.com