ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് ഇരട്ട നേട്ടം. ഗ്രനാഡയ്ക്കെതിരായ എവേ പോരാട്ടത്തിൽ മെസിയുടെയും ആൻത്വാൻ ഗ്രീസ്മാന്റെയും (12, 63 മിനിറ്റുകൾ) ഇരട്ട ഗോൾ മികവിൽ ബാഴ്സ 4-0നു ജയം സ്വന്തമാക്കി.
35, 42 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോൾ. 42-ാം മിനിറ്റിലെ ഗോൾ ഉജ്വലമായൊരു ഫ്രീകിക്കിൽനിന്നായിരുന്നു. ക്ലബ് കരിയറിൽ മെസിയുടെ 48-ാം ഫ്രീകിക്ക് ഗോളാണിത്. ചിരവൈരിയായ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയെ (47 ഫ്രീകിക്ക് ഗോൾ) ഇതോടെ മെസി പിന്തള്ളി. ഇരുവരും 47 ഫ്രീകിക്ക് ഗോളുമായി ഒപ്പമായിരുന്നു. മെസിയുടെ 48 ഫ്രീകിക്ക് ഗോളുകളിൽ 37 എണ്ണം ലാ ലിഗയിലാണ്. റൊണാൾഡോയുടെ ക്ലബ് കരിയറിലെ 47 ഫ്രീകിക്ക് ഗോളുകളിൽ 32 എണ്ണമേ ലീഗുകളിൽനിന്നുള്ളൂ.
ഗ്രനഡയ്ക്കെതിരായ ഇരട്ട ഗോൾകൂടിയായതോടെ സീസണിൽ മെസിയുടെ ഗോളെണ്ണം 11 ആയി. ഇതോടെ ലാ ലിഗ ചരിത്രത്തിൽ തുടർച്ചയായി 15 സീസണുകളിൽ 10+ ഗോൾ നേടുന്ന ആദ്യ താരമെന്ന റിക്കാർഡും മെസി കുറിച്ചു. ബാഴ്സയുടെ ബിൽബാവൊയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലും മെസി ഇരട്ട ഗോൾ നേടിയിരുന്നു.
മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് എവേ പോരാട്ടത്തിൽ ഒസാസുനയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സെവിയ്യ 3-2ന് റയൽ സോസിഡാഡിനെയും വിയ്യാറയൽ 4-0ന് സെൽറ്റ വിഗൊയെയും കീഴടക്കി. 15 മത്സരങ്ങളിൽനിന്ന് 38 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് ആണ് ലീഗിന്റെ തലപ്പത്ത്. റയൽ മാഡ്രിഡ് (37), ബാഴ്സലോണ (34) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
മെസി മാജിക് ;ഫ്രീ കിക്ക് ഗോളിൽ റൊണാൾഡോയെ പിന്തള്ളി ലയണൽ മെസി
12:08 AM Jan 11, 2021 | Deepika.com