മഡ്ഗാവ്: 2020-21 സീസൺ ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സിക്ക് ആദ്യ ജയം. തുടർച്ചയായ രണ്ട് സമനിലകൾക്കുശേഷം ഇന്നലെ കളത്തിലെത്തിയ ബംഗളൂരു 1-0ന് ചെന്നൈയിൻ എഫ്സിയെ കീഴടക്കി. 56-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് സുനിൽ ഛേത്രിയായിരുന്നു ബംഗളൂരുവിന്റെ ജയം സാധ്യമാക്കിയത്.
മലയാളി താരമായ ആഷിഖ് കുരുണിയനെ ബോക്സിനുള്ളിൽ ചെന്നൈയിന്റെ ക്ലൈറ്റൺ സിൽവ വീഴ്ത്തിയതിനായിരുന്നു റഫറി സ്പോർട്ട് കിക്ക് വിധിച്ചത്. കിക്കെടുത്ത ഛേത്രിക്ക് പിഴച്ചില്ല. സീസണിൽ ചെന്നൈയിൻ എഫ്സിയുടെ ആദ്യ തോൽവിയാണിത്.
55-45ന് പന്തടക്കത്തിൽ ബംഗളൂരുവിനായിരുന്നു മുൻതൂക്കം. ഗോൾ ഷോട്ടിൽ ഇരു ടീമുകളും (5-5) ഒപ്പമായിരുന്നു. ഫൗൾ ചെയ്യുന്നതിൽ (16-14) ബംഗളൂരു മികച്ച് നിന്നപ്പോൾ മഞ്ഞക്കാർഡ് കൂടുതൽ ലഭിച്ചത് (2-3) ചെന്നൈയിനായിരുന്നു. മൂന്ന് മത്സരങ്ങളിൽനിന്ന് അഞ്ച് പോയിന്റുമായി ബംഗളൂരു മൂന്നാം സ്ഥാനത്ത് എത്തി. നാല് പോയിന്റുള്ള ചെന്നൈയിൻ ആറാമതാണ്.
ഛേത്രി ഗോളിൽ ബംഗളൂരു
12:04 AM Dec 05, 2020 | Deepika.com