കൊച്ചി: ക്യാപ്റ്റന്‍ സിഡോഞ്ച പരിക്കേറ്റു പുറത്തായതോടെ പുതിയ വിദേശതാരത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. മൂന്നു മാസത്തിലേറെ സിഡോയ്ക്കു വിശ്രമം വേണ്ടിവരും. കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ വിദേശതാരങ്ങളുടെ ക്വോട്ട തികയ്ക്കാന്‍ വേണ്ടി മാത്രം കളിക്കാരെ തെരഞ്ഞെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ്.
സീസണ് ആരംഭിച്ചതിനാല്‍ കരാര്‍ ഇല്ലാതെ ഫ്രീ ഏജന്റായി നില്ക്കുന്ന താരങ്ങളെ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോള്‍ സ്വന്തമാക്കാന്‍ സാധിക്കൂ. നല്ല ഒരു മധ്യനിര താരത്തെ കണ്ടെത്തലും വിഷമകരമാകും. പെട്ടെന്നു പകരക്കാരനെ കിട്ടിയില്ലെങ്കില്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണ്‍ ആകുന്നത് വരെ കാത്തിരിക്കേണ്ടിവരും. നല്ലൊരു താരത്തെ ഒത്തുകിട്ടിയാല്‍ എത്രയും വേഗം ടീമിൽ എത്തിക്കും.
ഈ ആഴ്ചതന്നെ വിദേശതാരത്തെ ടീമിലെത്തിച്ചാലും ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കേണ്ടതുള്ളതിനാൽ അടുത്ത ജനുവരിയോടെയെ കളത്തിലിറങ്ങാനാകൂ. ഈ മാസം ബ്ലാസ്റ്റേഴ്സിനു നാലുകളികള്‍ പൂര്‍ത്തിയാക്കാനുണ്ട്.
പുതിയ വിദേശ താരത്തെ തേടി കേരള ബ്ലാസ്റ്റേഴ്സ്
12:04 AM Dec 05, 2020 | Deepika.com