ബുഡാപെറ്റ്: ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിൽ സ്പാനിഷ് കരുത്തരായ ബാഴ്സലോണയ്ക്ക് എവേ പോരാട്ടത്തിൽ ഹംഗേറിയൻ ക്ലബ്ബായ ഫെറെൻസ്വാറോഷിനെതിരേ ഏകപക്ഷീയ ജയം. സൂപ്പർ താരം ലയണൽ മെസിക്ക് വിശ്രമം അനുവദിച്ച് ഇറങ്ങിയ ബാഴ്സ, 3-0ന് ജയം സ്വന്തമാക്കി.
ആൻത്വാൻ ഗ്രീസ്മാൻ (14-ാം മിനിറ്റ്), മാർട്ടിൻ ബ്രാത് വൈറ്റ് (20), ഒസമെൻ ഡെംബെലെ (28-പെനൽറ്റി) എന്നിവർ നേടിയ ഗോളിലാണു കറ്റാലൻസിന്റെ ജയം. ചാന്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണു ബാഴ്സ പരിശീലകനായ റോണൾഡ് കൂമൻ, മെസിക്കു വിശ്രമം അനുവദിക്കുന്നത്.
അഞ്ച് മത്സരത്തിലും ജയം നേടിയ ബാഴ്സ 15 പോയിന്റുമായി ഗ്രൂപ്പിൽ തലപ്പത്ത് തുടരുന്നു. 12 പോയിന്റുമായി യുവന്റസ് രണ്ടാം സ്ഥാനത്താണ്. ഇരു ടീമുകളും പ്രീക്വാർട്ടർ നേരത്തേ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ചാന്പ്യൻ ആരാകുമെന്നാണ് ഇനി അറിയാനുള്ളത്.
മെസി ഇല്ലാതെ ബാഴ്സയ്ക്കു ജയം
11:25 PM Dec 03, 2020 | Deepika.com