മനാമ: എഫ് വണ്‍ സൂപ്പർ ഡ്രൈവറായ ബ്രിട്ടന്റെ ലൂയിസ് ഹാമിൽട്ടണിനു കോവിഡ് സ്ഥിരീകരിച്ചു. മെഴ്സിഡസിന്റെ താരമായ ഹാമിൽട്ടണ്, ബഹ്റിൻ ഗ്രാൻപ്രീ പോരാട്ടത്തിനുശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്. ബഹ്റിനിൽ താരം ഐസൊലേഷനിലാണ്. ഇതോടെ ഞായറാഴ്ച നടക്കുന്ന സാക്കിർ ഗ്രാൻപ്രീയിൽ ഹാമിൽട്ടണ് ഉണ്ടാകില്ല. ഇതിനോടകം ഈ സീസണ് ചാന്പ്യൻഷിപ്പ് ഹാമിൽട്ടണ് സ്വന്തമാക്കിയിരുന്നു.
ഹാമിൽട്ടണു പകരം സാക്കിർ ഗ്രാൻപ്രീയിൽ സ്റ്റോഫെൽ വാൻഡോർനെ മത്സരിക്കുമെന്നു മെഴ്സിഡസ് വ്യക്തമാക്കി. എഫ്വണ്ണിൽ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ താരമാണു ഹാമിൽട്ടണ്. സെർജിയോ പെരസ്, ലാൻസ് സ്ട്രോൾ എന്നിവർക്കു നേത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.
ബഹറിൻ ഗ്രാൻപ്രീയിൽ ഹാമിൽട്ടണ് ആയിരുന്നു ജേതാവ്. മത്സരത്തിനിടെ ഫ്രഞ്ച് ഡ്രൈവർ റൊമയ്ൻ ഗ്രൊസ്ജീന്റെ കാർ ഇടിച്ചു തീപിടിച്ചത് ആശങ്കയ്ക്കു കാരണമായി. കാർ രണ്ടായി പിളരുകയും ഗ്രൊസ്ജീനു പരിക്കേൽക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള താരം ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ വിവിധ ചിത്രങ്ങൾ പങ്കുവച്ചു. 13ന് നടക്കുന്ന അബുദാബി എഫ് വണ്‍ പോരാട്ടത്തിൽ തിരിച്ചെത്തുമെന്നും ഗ്രൊസ്ജീൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഹാമിൽട്ടണു കോവിഡ്
11:45 PM Dec 01, 2020 | Deepika.com