കണ്ണൂർ: കായികകേരളത്തിന് മറക്കാനാവാത്ത അനുഭവമായിരുന്നു ഫുട്ബോൾ ഇതിഹാസം മാറഡോണയുടെ കണ്ണൂർ സന്ദർശനം. ഡിയേഗോ മാറഡോണയുടെ വേർപാടിൽ ലോകം വിതുമ്പുമ്പോൾ മറക്കാനാകാത്ത ഓർമയുമായി നിൽപ്പുണ്ട് കണ്ണൂരിൽ ഒരാൾ. കണ്ണൂർ എസ്എൻ പാർക്ക് റോഡിലെ ബ്ലൂനൈൽ ഹോട്ടലുടമ വി. രവീന്ദ്രനാണത്.
2012 ഒക്ടോബറിൽ മാറഡോണ കണ്ണൂരിൽ എത്തിയപ്പോൾ ബ്ലൂനൈൽ ഹോട്ടലിലെ 309-ാം നമ്പർ മുറിയിലായിരുന്നു താമസിച്ചിരുന്നത്. ഇന്നും ആ മുറി അതുപോലെ സൂക്ഷിച്ചിട്ടുണ്ട്. മാറഡോണ സ്യൂട്ട് എന്നാണത് അറിയപ്പെടുന്നത്. ഈ മുറി മ്യൂസിയമാക്കാൻ തയാറെടുക്കുകയാണ് ഹോട്ടലുടമ.
മാറഡോണ കൈയൊപ്പിട്ടു നൽകിയ ഫുട്ബോൾ, അന്ന് അദ്ദേഹം ഉപയോഗിച്ച പ്ലേറ്റ്, സ്പൂൺ, ഗ്ലാസ്, ടവൽ, ജഴ്സി, ഫുട്ബോൾ, തുടങ്ങിയവയെല്ലാം ഈ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇരുന്നൂറോളം ഫ്രെയ്മുകളിലായിട്ടാണ് ഇവ ചുമരിൽ തൂക്കിയിരിക്കുന്നത്. കൂടാതെ ഹോട്ടലിന് മുന്നിലായി മാറഡോണയുടെപ്രതിമയും ചെറിയൊരു കളിക്കളവും നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പലരും ഹോട്ടലിൽ താമസത്തിനെത്തിയാൽ മാറഡോണ ഉപയോഗിച്ച മുറി ആവശ്യപ്പെടാറുണ്ടെന്ന് രവീന്ദ്രൻ ദീപികയോട് പറഞ്ഞു. മാറഡോണയുടെ എക്കാലത്തേയും ഓർമയ്ക്കായി ഹോട്ടലിൽ സ്മാരകം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാറഡോണയ്ക്കു കണ്ണൂരിൽ സ്മാരകം
01:45 AM Nov 27, 2020 | Deepika.com