ഡോർട്ട്മുണ്ട്: യൂറോപ്പിലെ ഏറ്റവും മികച്ച യുവ ഫുട്ബോളർക്കുള്ള ഗോൾഡൻ ബോയ് പുരസ്കാരം സ്വന്തമാക്കിയതു വെറുതേയല്ലെന്നു വീണ്ടും വീണ്ടും തെളിയിച്ച് നോർവീജിയൻ താരം എർലിംഗ് ഹാലണ്ട്. ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഇരുപതുകാരനായ ഹാലണ്ട് ചാന്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 15 ഗോൾ സ്വന്തമാക്കുന്ന താരമെന്ന റിക്കാർഡ് കരസ്ഥമാക്കി. 12 മത്സരങ്ങളിൽനിന്ന് 16 ഗോളാണു ഹാലണ്ടിന്റെ ബൂട്ടിൽനിന്ന് ഇതുവരെ പിറന്നത്.
ഗ്രൂപ്പ് എഫിൽ ബെൽജിയത്തിൽനിന്നുള്ള ക്ലബ് ബ്രൂഗിയെ 3-0ന് ഡോർട്ട്മുണ്ട് കീഴടക്കിയ മത്സരത്തിൽ ഹാലണ്ടിന്റെ ബൂട്ടിൽനിന്നു രണ്ടു ഗോൾ പിറന്നു. 18, 60 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകൾ. ജാഡൻ സാഞ്ചോയുടെ (45-ാം മിനിറ്റ്) വകയായിരുന്നു മറ്റൊരു ഗോൾ.
2020-21 സീസണ് ചാന്പ്യൻസ് ലീഗിൽ ഗോൾവേട്ടയിൽ ഒന്നാമതെത്താനും ഹാലണ്ടിനു സാധിച്ചു. നാല് മത്സരങ്ങളിൽനിന്ന് ആറു ഗോൾ യുവ താരം ഇതുവരെ സ്വന്തമാക്കി. 2020 ജനുവരിയിലാണ് ഓസ്ട്രിയൻ ക്ലബ്ബായ റെഡ് ബുൾ സാൽസ്ബർഗിൽനിന്നു ഹാലണ്ട് ബൊറൂസിയയിൽ എത്തിയത്.
ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് ലാസിയൊ 3-1ന് റഷ്യയിൽനിന്നുള്ള സെനിറ്റിനെ കീഴടക്കി. ഗ്രൂപ്പിൽ ഒന്പത് പോയിന്റുമായി ഡോർട്ട്മുണ്ട് ആണ് ഒന്നാമത്. എട്ട് പോയിന്റുമായി ലാസിയോ രണ്ടാമതുണ്ട്. ബ്രൂഗിക്ക് നാല് പോയിന്റും സെനിറ്റിന് ഒരു പോയിന്റുമാണ്.
ഓ.. ഹാലണ്ട്! ചാന്പ്യൻസ് ലീഗിൽ വേഗത്തിൽ 15 ഗോൾ സ്വന്തമാക്കുന്ന താരം
10:53 PM Nov 25, 2020 | Deepika.com