മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ ക്ലാസിക് ജയം. സൂപ്പർ ടീമായ ബാഴ്സലോണയെ അത്ലറ്റിക്കോ ഹോം മത്സരത്തിൽ 1-0നു കീഴടക്കി. 45+3-ാം മിനിറ്റിൽ യാനിക് കരാസ്കൊ നേടിയ ഗോളിലായിരുന്നു ഡിയേഗൊ സിമയോണിയുടെ കുട്ടികൾ ജയം സ്വന്തമാക്കിയത്.
കഴിഞ്ഞ 10 വർഷത്തിലധികമായി ആദ്യമായാണ് അത്ലറ്റിക്കോ മാഡ്രിഡ് ബാഴ്സയെ കീഴടക്കുന്നത്. തുടർച്ചയായി 20 മത്സരങ്ങളിൽ ബാഴ്സലോണയ്ക്കെതിരേ ജയം നേടിയില്ലെന്ന നാണക്കേടിനും സിമയോണിയുടെ കുട്ടികൾ വിരാമമിട്ടു. സിമയോണിയുടെ കീഴിൽ ആദ്യമായാണ് അത്ലറ്റിക്കോ ബാഴ്സലോണയ്ക്കെതിരേ ജയം നേടുന്നത്.
ബാഴ്സ ഗോളി ആന്ദ്രെ ടെർ സ്റ്റീഗന്റെ പിഴവിൽനിന്നായിരുന്നു ഗോൾ. 2019 ഏപ്രിലിനുശേഷം ടെൻ സ്റ്റീഗൻ സ്വന്തം പിഴവിലൂടെ അഞ്ച് ഗോൾ വഴങ്ങി. മത്സരത്തിനിടെ കണങ്കാലിനു ഗുരുതര പരിക്കേറ്റ ജെറാർഡ് പികെയ്ക്ക് കളംവിടേണ്ടിവന്നതും ബാഴ്സയ്ക്കു തിരിച്ചടിയായി.
മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് എവേ പോരാട്ടത്തിൽ വിയ്യാറയലുമായി 1-1 സമനിലയിൽ പിരിഞ്ഞു. രണ്ടാം മിനിറ്റിൽ മരിയാനൊയിലൂടെ മുന്നിൽ കടന്നശേഷമായിരുന്നു റയൽ സമനില വഴങ്ങിയത്. 20 പോയിന്റ് വീതവുമായി റയൽ സോസിഡാഡ്, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവയാണു ലീഗിൽ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
മെസി @ 800
ബാഴ്സലോണ ജഴ്സിയിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ 800-ാം മത്സരമായിരുന്നു. 1991-92നുശേഷം ഏറ്റവും മോശം സീസണ് ആരംഭത്തിലൂടെയാണ് ബാഴ്സ കടന്നുപോകുന്നത്. എട്ട് മത്സരങ്ങളിൽനിന്ന് 11 പോയിന്റുമായി 11-ാമതാണ് കറ്റാലൻസ്.
ക്ലാസിക് അത്ലറ്റിക്കോ
11:32 PM Nov 22, 2020 | Deepika.com