ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഹൊസെ മൗറീഞ്ഞോയുടെ ടോട്ടനം ഹോട്സ്പർ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ 2-0നു തകർത്ത് ലീഗ് ടേബിൾ തലപ്പത്തെത്തി. ലീഗിൽ സിറ്റിക്കെതിരേ ടോട്ടനത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണ്. 2015 സെപ്റ്റംബറിലും 2016 ഒക്ടോബറിലുമായിരുന്നു മുന്‍പ് സിറ്റിയെ ടോട്ടനം തുടർച്ചയായി രണ്ടു തവണ കീഴടക്കിയത്. സണ്‍ ഹ്യൂങ് മിൻ (അഞ്ചാം മിനിറ്റ്), ജിയൊവാണി ലൊ സെൽസൊ (65-ാം മിനിറ്റ്) എന്നിവർ ടോട്ടനത്തിനായി വലകുലുക്കി.
മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 1-0ന് വെസ്റ്റ് ബ്രോമിനെയും ചെൽസി 2-0ന് ന്യൂകാസിലിനെയും കീഴടക്കി. ഡൊമിനിക് കാൽവെർട്ട് ലെവിന്റെ ഇരട്ട ഗോൾ മികവിൽ എവേ പോരാട്ടത്തിൽ എവർട്ടണ് 3-2ന് ഫുൾഹാമിനെ തോൽപ്പിച്ചു. 10 ഗോളുമായി ലെവിൻ ആണു ഗോൾ വേട്ടയിൽ മുന്നിൽ.
ലീഗിൽ 20 പോയിന്റുമായി ടോട്ടനം ഒന്നാം സ്ഥാനത്താണ്. 18 പോയിന്റ് വീതവുമായി ചെൽസി, ലെസ്റ്റർ സിറ്റി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. നിലവിലെ ചാന്പ്യന്മാരായ ലിവർപൂൾ (17 പോയിന്റ്) നാലാമതാണ്. 13 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്പതാമതും 12 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി 11-ാമതുമാണ്.
പെപിനെ പൊട്ടിച്ച് ഹൊസെ
11:32 PM Nov 22, 2020 | Deepika.com