മ്യൂണിക്: യൂറോപ്പിലെ ഏറ്റവും മികച്ച യുവ ഫുട്ബോളറിനുള്ള ഗോൾഡൻ ബോയ് പുരസ്കാരം സ്വന്തമാക്കിയതിനു പിന്നാലെ ജർമൻ ബുണ്ടസ് ലിഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ നോർവെ താരം എർലിംഗ് ഹാലണ്ടിന്റെ ഗോൾ വേട്ട. ഹെർതയ്ക്കെതിരായ മത്സരത്തിൽ ഹാലണ്ട് നാലു തവണ വല ചലിപ്പിച്ചപ്പോൾ ഡോർട്ട്മുണ്ട് 5-2ന്റെ ജയം സ്വന്തമാക്കി. 47, 49, 62, 79 മിനിറ്റുകളിലായിരുന്നു ഹാലണ്ട് വലകുലുക്കിയത്. ലീഗിൽ ഇതോടെ ഏഴ് മത്സരങ്ങളിൽനിന്ന് 10 ഗോളായി ഈ ഇരുപതുകാരന്.
ബയേണ്‍ മ്യൂണിക്കിന്റെ വിജയ പരന്പരയ്ക്ക് അവസാനം. ബയേണിനെ 1-1ന് വെർഡർ ബെർമൻ സമനിലയിൽ കുടുങ്ങി. 35 മത്സരങ്ങൾക്കിടെ ഇത് രണ്ടാം തവണയാണു ബയേണ്‍ സമനില വഴങ്ങുന്നത്. കഴിഞ്ഞ 34 മത്സരങ്ങളിൽ 33ലും ബയേണ്‍ വിജയം നേടിയിരുന്നു.
പതിനാറിൻ മധുരം
ബുണ്ടസ് ലിഗയിൽ ചരിത്രം കുറിച്ച് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജർമൻ കൗമാര താരം യൂസുഫ മൗകൊകൊ. ബുണ്ടസ് ലിഗ ചരിത്രത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് പതിനാറുകാരനായ മൗകൊകൊ സ്വന്തമാക്കി. ഹെർത ബെർലിനെതിരായ മത്സരത്തിന്റെ 85-ാം മിനിറ്റിൽ മൗകൊകൊ കളത്തിലെത്തി. 5-2ന് ഡോർട്ട്മുണ്ട് ജയിച്ച മത്സരത്തിൽ നാലു ഗോൾ നേടിയ എർലിംഗ് ഹാലണ്ടിനു പകരക്കാരനായി ആയിരുന്നു കൗമാരക്കാരൻ മൈതാനത്ത് എത്തിയത്. ഈ മാസം 20നാണ് മൗകൊകൊയ്ക്ക് 16 വയസ് പൂർത്തിയായത്.