മൊണ്ടേവീഡിയോ (ഉറുഗ്വെ): ഉറുഗ്വെൻ ഫുട്ബോൾ താരം ലൂയി സുവാരസിന് കോവിഡ്. ഇതോടെ ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 4.30ന് ബ്രസീലിനെതിരെ നടക്കുന്ന 2022 ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സുവാരസ് ഉണ്ടാകില്ലെന്നുറപ്പായി.
സ്പാനിഷ് ലാ ലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമായ സുവാരസിന്, അടുത്ത ശനിയാഴ്ച ബാഴ്സലോണയ്ക്കെതിരായ മത്സരവും നഷ്ടമാവും. ബാഴ്സയിൽനിന്ന് സീസണ് തുടക്കത്തിൽ അത്ലറ്റിക്കോയിലെത്തിയ സുവാരസ് ആറ് മത്സരങ്ങളിൽനിന്ന് അഞ്ച് ഗോൾ നേടിയിട്ടുണ്ട്.
സുവാരസിനൊപ്പം ഗോൾ കീപ്പർ റോഡ്രിഗോ മുനോസ്, സപ്പോർട്ടിംഗ് സ്റ്റാഫായ മത്യാസ് ഫരാൾ എന്നിവർക്കും ഉറുഗ്വെൻ നിരയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂവരും ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്ന് ഉറുഗ്വേ ഫുട്ബോൾ അസോസിയേഷൻ ഒൗദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മറ്റു താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവാണ്.
ഇന്നു നടക്കുന്ന ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ മറ്റൊരു മത്സരത്തിൽ ലയണൽ മെസിയുടെ അർജന്റീന പെറുവുമായി കൊന്പുകോർക്കും. ഇന്ത്യൻ സമയം രാവിലെ 6.00നാണ് കിക്കോഫ്. മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ ബ്രസീൽ ആണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.
സുവാരസിനു കോവിഡ്
11:57 PM Nov 17, 2020 | Deepika.com