ബാഴ്സലോണ: ജോസഫ് മരിയ ബര്‍ത്തോമ്യു ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബിന്റെ പ്രസിഡന്റുസ്ഥാനമൊഴിഞ്ഞു. ബര്ത്തോമ്യുവിനൊപ്പം ബോര്‍ഡ് ഡയറക്ടര്‍മാരും രാജി സമര്‍പ്പിച്ചു. ക്ലബ് നായകന് ലയണല്‍ മെസിയുമായുള്ള സ്വരച്ചേര്ച്ചയില്ലയ്മയും ആരാധകരുടെ സമ്മര്‍ദവുമാണ് ഇവരുടെ രാജിക്കുള്ള കാരണം. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് ബര്‍ത്തോമ്യു വ്യക്തമാക്കി.
ആറു വര്‍ഷം ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ബര്ത്തോമ്യുയുടെ ഓരോ നീക്കവും കഴിഞ്ഞ വര്‍ഷം മുതലാണ് പാളിത്തുടങ്ങിയത്. ഈ നീക്കങ്ങള്‍ ക്ലബ്ബിനകത്തും പുറത്തും ഗൗരവമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
കളിക്കളത്തില്‍ ടീമിന്റെ മോശം പ്രകടനവും ക്ലബ്ബിന്റെ സാമ്പത്തികസ്ഥിതി വഷളായതും തിരിച്ചടിയായി. ലയണല്‍ മെസിയുടെ ട്രാന്‍സ്ഫര്‍ അപേക്ഷ ബര്‍ത്തോമ്യു കൈകാര്യം ചെയ്ത വിധവും ആരാധകരുടെ രോഷത്തിന് ഇടവരുത്തി.
കളിക്കാരുടെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ക്ലബ് വരുത്തിയ നീക്കങ്ങളും തിരിച്ചടിയായി. നെയ്മറിനു പകരം ടീമിലെത്തിച്ച കളിക്കാര്‍ക്കു മികവിലെത്താനാവാത്തതു ബര്ത്തോമ്യുക്കു തിരിച്ചടിയായി.
2014 ല്‍ സാന്ദ്രോ റോസല്‍ ഒഴിഞ്ഞ പ്രസിഡന്റ്പദവിയാണു ജോസഫ് മരിയ ബര്‍ത്തോമ്യു ഏറ്റെടുത്തത്.
ഈ സീസണ്‍കൂടി ക്ലബ്ബില്‍ തുടരുമെന്നു മെസി അറിയിച്ചെങ്കിലും പ്രസിഡന്റ് ബര്ത്തോമ്യുവിനെതിരെ പരസ്യമായ ആരോപണങ്ങള്‍ മെസി ഉയര്‍ത്തിയിരുന്നു. ലൂയിസ് സുവാരസ് ക്ലബ് വിട്ടതിലും മെസി പ്രതിഷേധമറിയിച്ചിരുന്നു.
ബര്‍ത്തോമ്യു പ്രസിഡന്റ് സ്ഥാനം രാജിവച്ചു
11:59 PM Oct 28, 2020 | Deepika.com