ദുബായ്: ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ജ്വലിച്ചുയർന്നപ്പോൾ ഡൽഹി ചാന്പലായി. ടോസ് ജയിച്ച് ബാറ്റ് കൈയിലെടുത്ത സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ അടിച്ചെടുത്തത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ്. കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഡൽഹിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. 19 ഓവറിൽ 131 റൺസിന് ഡൽഹി ക്യാപ്പിറ്റൽസിന്റെ പോരാട്ടം അവസാനിച്ചു.
ജന്മദിനം ആഘോഷിച്ച് വാർണർ...
ഹൈദരാബാദ് ക്യാപ്റ്റനായ ഓസീസ് താരം ഡേവിഡ് വാർണറിന്റെ 34-ാം ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിനത്തിൽ തകർത്തടിച്ച വാർണർ 34 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും അടക്കം അടിച്ചെടുത്തത് 66 റൺസ്. മൂന്ന് ദിവസം മുന്പ് 36-ാം ജന്മദിനമാഘോഷിച്ച വൃഥിമാൻ സാഹ സൺറൈസേഴ്സിന്റെ ഓപ്പണറായെത്തി. ജോണി ബെയർസ്റ്റോയ്ക്ക് പകരമായിരുന്നു സാഹ ടീമിൽ ഇടംപിടിച്ചത്. ലഭിച്ച അവസരം മുതലാക്കിയ സാഹ 45 പന്തിൽ രണ്ട് സിക്സും 12 ഫോറും അടക്കം 87 റൺസ് നേടി. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 9.4 ഓവറിൽ 107 റൺസ് അടിച്ചെടുത്തശേഷമാണ് പിരിഞ്ഞത്. മനീഷ് പാണ്ഡെ (31 പന്തിൽ 44), കെയ്ൻ വില്യംസൺ (10 പന്തിൽ 11) എന്നിവർ പുറത്താകാതെനിന്നു.
റാഷിദ് മാജിക്
നാല് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാൻ ആണ് ഡൽഹിയെ ചുരുട്ടിക്കെട്ടിയത്. ഋഷഭ് പന്ത് (35 പന്തിൽ 36 റൺസ്) ആണ് ഡൽഹി ഇന്നിംഗ്സിലെ ടോപ് സ്കോറർ. ഓപ്പണറായെത്തിയ അജിങ്ക്യ രഹാനെ 19 പന്തിൽ 26 റൺസ് നേടി.
സൺറൈസേഴ്സ് ഹൈദരാബാദിന് 88 റൺസ് ജയം
11:59 PM Oct 27, 2020 | Deepika.com