ബൈബിളിലെ സാംസണ് എന്ന കരുത്തനുമായി സ്വയം താരതമ്യം ചെയ്ത് ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ മലയാളി താരമായ സഞ്ജു വി. സാംസണ്.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 31 പന്തിൽ മൂന്ന് സിക്സും നാല് ഫോറും അടക്കം 54 റണ്‍സുമായി പുറത്താകാതെനിന്ന സഞ്ജു വി. സാംസണ് ടീമിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. അർധസെഞ്ചുറി തികച്ചശേഷം തന്റെ ഇടംകൈയിലെ മസിൽ പെരുപ്പിച്ചു കാണിച്ച് ബാറ്റുകൊണ്ട് മസിലിൽ തൊട്ടായിരുന്നു സഞ്ജു സാംസണിന്റെ ആഘോഷം. ആ ആഘോഷത്തെക്കുറിച്ച് സഞ്ജു പറയുന്നത് ഇങ്ങനെ: ‘കൈയിലെ മസിൽ ഉയർത്തിക്കാണിച്ചത്, ഞാൻ എന്റെ പേര് സ്വയം ഓർമിച്ചതാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യൻ സാംസണ് ആണെന്നു ഞാൻ വിശ്വസിക്കുന്നു. അത് ഞാൻ എല്ലായ്പോഴും ഓർമിക്കുകയും ചെയ്യുന്നു. ഞാൻ വളരെ കരുത്തനാണ്, എനിക്കു കൂടുതൽ സിക്സറുകൾ നേടാൻ കഴിയും’-സഞ്ജു വ്യക്തമാക്കി. ഐപിഎലിൽ 22 സിക്സുകളാണ് സഞ്ജു ഇതുവരെ സ്വന്തമാക്കിയത്.
മാൻ ഓഫ് ദ മാച്ച് ആയ ബെൻ സ്റ്റോക്സിനൊപ്പം (60 പന്തിൽ 107 നോട്ടൗട്ട്) ചേർന്ന് 152 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലും സഞ്ജു പങ്കാളിയായി. റോയൽസിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. റോയൽസിനായി 2,000 റണ്‍സ്, ഐപിഎലിൽ 2,500 റണ്‍സ് എന്നീ നാഴികക്കല്ലും സഞ്ജു പിന്നിട്ടു.
കരുത്തൻ സാംസണ്
12:37 AM Oct 27, 2020 | Deepika.com