ഷാർജ: കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ ഏറ്റുമുട്ടിയ ഐപിഎൽ പോരാട്ടത്തിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ആധികാരിക ജയം. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് നിരയെ പിച്ചിച്ചീന്തിയ മുംബൈ 10 വിക്കറ്റിന്റെ ജയമാഘോഷിച്ചു. സ്കോർ: ചെന്നൈ 114/9 (20). മുംബൈ 116/0 (12.2). തോൽവിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത ഏകദേശം അവസാനിച്ചു. മൂന്ന് മത്സരം മാത്രമാണ് അവർക്ക് ഇനി ശേഷിക്കുന്നത്.
മുംബൈ ഓപ്പണർമാരായ ഇഷാൻ കിഷൻ 37 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും അടക്കം 68 റൺസുമായും ക്വിന്റൺ ഡികോക്ക് 37 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 46 റൺസുമായും പുറത്താകാതെനിന്നു.
നാണക്കേട്
സൂപ്പർ കിംഗ്സിന് 2.5 ഓവറിൽ നാല് റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടു. ആറാം ഓവറിൽ അഞ്ചാം വിക്കറ്റും കൊഴിഞ്ഞു. ഋതുരാജ് ഗെയ്ക്വാദ് (0), അന്പാട്ടി റായുഡു (2), എൻ. ജഗദീശൻ (0), ഫാഫ് ഡുപ്ലെസി (1), രവീന്ദ്ര ജഡേജ (7) എന്നിവർ പവർപ്ലേയിൽ കൂടാരംകയറി. ചരിത്രത്തിൽ ആദ്യമായിട്ടാണ് സിഎസ്കെയ്ക്ക് പവർ പ്ലേയിൽ അഞ്ച് വിക്കറ്റ് നഷ്ടമാകുന്നത്. അതിൽ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത് ട്രെന്റ് ബോൾട്ടായിരുന്നു.
ക്യാപ്റ്റൻ എം.എസ്. ധോണിക്കും (16), തിളങ്ങാനായില്ല. 47 പന്തിൽ 52 റൺസ് നേടിയ സാം കറൻ ആണ് സിഎസ്കെ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
ടെന്റ് ബോൾട്ട് (4-1-18-4), ബുംറ (4-0-25-2), രാഹുൽ ചാഹർ (4-0-22-2) എന്നിവരാണ് സിഎസ്കെയെ പിച്ചിച്ചീന്തിയത്.
രോഹിത് ഇല്ല
പരിക്കേറ്റ രോഹിത് ശർമ ഇല്ലാതെയാണ് മുംബൈ ഇറങ്ങിയത്. മുംബൈയെ നയിച്ചത് കിറോണ്‍ പൊള്ളാർഡ് ആയിരുന്നു. രോഹിത്തിനു പകരം സൗരഭ് തിവാരി ടീമിലെത്തി. ചെന്നൈ നിരയിൽ കേദാർ ജാദവ്, വാട്സണ്, പീയൂഷ് ചൗള എന്നിവർക്കു പകരം ജഗദീശൻ, ഋതുരാജ് ഗെയ്ക്വാദ്, താഹിർ എന്നിവർ എത്തി.
മുംബൈക്ക് 10 വിക്കറ്റ് ജയം
11:36 PM Oct 23, 2020 | Deepika.com