ഫുട്ബോൾ ഇതിഹാസമായ ബ്രസീലിന്റെ പെലെയ്ക്ക് സ്വന്തം നാടായ സാന്റോസിൽ ആദരസൂചകമായി ഒരുക്കിയത് ഭീമാകാരമായ ചുവർ ചിത്രം. 800 സ്ക്വയർ മീറ്റർ വലുപ്പമുള്ള പെലെയുടെ ചിത്രമാണ് തീരദേശ നഗരമായ സാന്റോസിലെ വന്പൻ ചുവരിൽ നിറഞ്ഞത്. ഇതിഹാസ താരത്തിന്റെ 80-ാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു പെയിന്റിംഗ്. ബ്രസീലിയൻ ചിത്രകാരനായ എഡ്വേർഡൊ കോബ്രയാണ് ചുവർചിത്രം വരച്ചത്. 300 ക്യാൻ സ്പ്രേ പെയിന്റാണ് ഇതിനായി വേണ്ടിവന്നത്. തുടർച്ചയായ 45 ദിവസം എടുത്തായിരുന്നു കോബ്രയുടെ വന്പൻ പെലെ ചിത്രരചന.
ബ്രസീലിനായി മൂന്ന് ലോകകപ്പ് കിരീടനേട്ടങ്ങളിൽ പങ്കാളിയായ പെലെയുടെ 80-ാം ജന്മദിനം ഇന്നലെയായിരുന്നു. കളിക്കാരനെന്ന നിലയിൽ ഏറ്റവും അധികം ലോകകപ്പ് സ്വന്തമാക്കിയ താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളാണു പെലെ ബ്രസീലിനൊപ്പം സ്വന്തമാക്കിയത്. സാന്റോസ് എഫ്സി ക്ലബ്ബിനായി 1957-71 കാലഘട്ടത്തിൽ 496 മത്സരങ്ങളിൽനിന്ന് 500 ഗോൾ നേടി. ക്ലബ്ബിന്റെ എക്കാലത്തെയും ടോപ് സ്കോററാണ്. 92 മത്സരങ്ങളിൽനിന്ന് 77 ഗോളുമായി ബ്രസീലിന്റെ ടോപ് സ്കോററുമായി തുടരുന്നു.
‘ബീഥോവൻ സംഗീതത്തിനായി ജനിച്ചതുപോലെ ഫുട്ബോളിനായി ജന്മമെടുത്തവാണ് ഞാൻ’- തന്റെ കാൽപ്പന്ത് ജീവിതത്തെക്കുറിച്ചുള്ള പെലെയുടെ വാക്കുകളാണിത്.
സാന്റോസിലെ ചുവരിൽ പെലെയുടെ കൂറ്റൻ ചിത്രം
11:36 PM Oct 23, 2020 | Deepika.com