ദുബായ്: പ്ലേ ഓഫ് സാധ്യത സജീവമാക്കി രാജസ്ഥാൻ റോയൽസിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് എട്ട് വിക്കറ്റ് ജയം. 47 പന്തിൽ എട്ട് സിക്സും നാല് ഫോറും അടക്കം 83 റൺസുമായി സൂര്യശോഭയോടെ ജ്വലിച്ച മനീഷ് പാണ്ഡെയാണ് സൺറൈസേഴ്സിനെ ജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ രാജസ്ഥാൻ റോയൽസിന് 20 ഓവറിൽ നേടാൻ സാധിച്ചത് ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റണ്‍സ്. 18.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൺറൈസേഴ്സ് 156 റൺസ് എടുത്ത് റോയൽസിനുമേൽ ഉദിച്ചുയർന്നു.
ഡേവിഡ് വാർണർ (നാല്), ജോണി ബെയർസ്റ്റൊ (10) എന്നിവരുടെ വിക്കറ്റാണ് സൺറൈസേഴ്സിനു നഷ്ടപ്പെട്ടത്. ജോഫ്ര ആർച്ചറിനായിരുന്നു രണ്ട് വിക്കറ്റും. 51 പന്തിൽ 52 റൺസുമായി വിജയ് ശങ്കർ, മനീഷ് പാണ്ഡെയ്ക്കൊപ്പം പുറത്താകാതെനിന്നു. 2.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്നനിലയിൽ ടീം പ്രതിരോധത്തിലായപ്പോഴാണ് മനീഷ് - വിജയ് സഖ്യം ക്രീസിൽ ഒന്നിച്ചത്.
റോയൽസിനായി 26 പന്തിൽ 36 റണ്‍സ് നേടിയ സഞ്ജു വി. സാംസണ് ആണ് ടോപ് സ്കോറർ ആയത്. ബെൻ സ്റ്റോക്സ് (32 പന്തിൽ 30), റിയാൻ പരാഗ് (12 പന്തിൽ 20), സ്റ്റീവ് സ്മിത്ത് (15 പന്തിൽ 19), റോബിൻ ഉത്തപ്പ (13 പന്തിൽ 19) എന്നിവരും പൊരുതിനോക്കി.
സൂര്യശോഭ; ഹൈദരാബാദിന് എട്ട് വിക്കറ്റ് ജയം
11:49 PM Oct 22, 2020 | Deepika.com