അബുദാബി: ഐപിഎൽ 13-ാം സീസണിലെ ഏറ്റവും ചെറിയ ഒന്നാം ഇന്നിംഗ്സ് സ്കോർ കണ്ട മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റ് ജയം. ഗൾഫ് നാട്ടിലെ കൃത്രിമപ്പുൽത്തകിടിയിൽ ഇതുവരെ നിർഗളിച്ച റൺ ഉറവ വറ്റിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൂപ്പർ കിംഗ്സ് 20 ഓവറിൽ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ്. സ്പിന്നർമാരുടെ മുന്നിൽ ചെന്നൈ കറങ്ങി വീഴുകയായിരുന്നു.17.3 ഓവറിൽ മൂന്ന് വിക്കറ്റിനു രാജസ്ഥാൻ 126 റൺസ് നേടി.
48 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും അടക്കം 70 റൺസുമായി പുറത്താകാതെനിന്ന ജോസ് ബട്ലർ ആണ് രാജസ്ഥാന്റെ വിജയത്തിനു ചുക്കാൻ പിടിച്ചത്. സ്റ്റീവ് സ്മിത്ത് (26 നോട്ടൗട്ട്) ബട്ലറിന് മികച്ച പിന്തുണ നൽകി.
ചെറിയ സ്കോറിലേക്ക് ബാറ്റേന്തിയ റോയൽസിനും തുടക്കം പിഴച്ചു. ബെൻ സ്റ്റോക്സ് (19), റോബിൻ ഉത്തപ്പ (നാല്), സഞ്ജു വി. സാംസൺ (പൂജ്യം) എന്നിവർ 4.3 ഓവറിൽ 28 റൺസുള്ളപ്പോൾ പവലിയൻപൂകി. ബട്ലറും സ്മിത്തും ചേർന്ന് നാലാം വിക്കറ്റിൽ 98 റൺസ് കൂട്ടുകെട്ടോടെ ടീമിനെ ജയത്തിലെത്തിച്ചു.
ടോസ് ജയിച്ച സൂപ്പർ കിംഗ്സ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഓപ്പണർമാരായ സാം കരണും (22) ഫാഫ് ഡുപ്ലെസിയും (10) ശ്രദ്ധയോടെ തുടങ്ങിയെങ്കിലും മൂന്നാം ഓവറിന്റെ അവസാന പന്തിൽ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. വാട്സൺ (എട്ട്), അന്പാട്ടി റായുഡു (13) എന്നിവരെയും 10 ഓവറിനുള്ളിൽ നഷ്ടമായി. ധോണി (28 പന്തിൽ 28)18-ാം ഓവറിൽ റണ്ണൗട്ടായപ്പോൾ ചെന്നൈ 107ൽ. 30 പന്തിൽ 35 റൺസുമായി പുറത്താകാതെനിന്ന രവീന്ദ്ര ജഡേജയാണ് ടോപ് സ്കോറർ. ഒരു സിക്സ് (സാം കരൺ)മാത്രമാണ് സിഎസ്കെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നത്.
കറക്കി വീഴ്ത്തി ; ചെന്നൈക്കെതിരേ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം
12:39 AM Oct 20, 2020 | Deepika.com