പാരീസ്: 2020-21 സീസണ് ചാന്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്നു കിക്കോഫ്. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ പിഎസ്ജിയും മുൻ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ഇറങ്ങുന്നതാണ് ഇന്നത്തെ സൂപ്പർ പോരാട്ടം.
ഗ്രൂപ്പ് എച്ചിൽ നടക്കുന്ന ഈ പോരാട്ടം പാരീ സാൻ ഷെർമയ്ന്റെ തട്ടകത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30നാണ്. 2018-19 സീസണിൽ പ്രീക്വാർട്ടറിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് രണ്ടു പാദങ്ങളിലുമായി 3-3 സമനിലയായിരുന്നെങ്കിലും എവേ ഗോളിന്റെ കരുത്തിൽ യുണൈറ്റഡ് ക്വാർട്ടറിലേക്കു മുന്നേറിയിരുന്നു. ചാന്പ്യൻസ് ലീഗിൽ 53 ഹോം മത്സരങ്ങൾ കളിച്ചതിൽ ഏഴ് തവണ മാത്രമാണു പിഎസ്ജി പരാജയപ്പെട്ടത്. ഏറ്റവും ഒടുവിൽ പരാജയപ്പെട്ടത് 2018-19 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടായിരുന്നു.
സ്പാനിഷ് വന്പന്മാരായ ബാഴ്സലോണ, ഇറ്റാലിയൻ വന്പന്മാരായ യുവന്റസ്, ഇംഗ്ലീഷ് സംഘമായ ചെൽസി, ജർമനിയിൽനിന്നുള്ള ഡോർട്ട്മുണ്ട്, ലൈപ്സിഗ് തുടങ്ങിയ ക്ലബ്ബുകളും ഇന്നു കളത്തിലുണ്ട്. ബാഴ്സയും യുവന്റസും ഗ്രൂപ്പ് ജിയിലാണ്.
നിലവിലെ ചാന്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക്, റിക്കാർഡ് കിരീട അവകാശികളായ റയൽ മാഡ്രിഡ്, ഇംഗ്ലീഷ് സൂപ്പർ ക്ലബ്ബുകളായ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാൻ തുടങ്ങിയ ടീമുകൾ നാളെ ഇറങ്ങും. ബയേണും അത്ലറ്റിക്കോ മാഡ്രിഡും ഏറ്റുമുട്ടുന്നതാണു നാളത്തെ സൂപ്പർ പോരാട്ടം.
പിഎസ്ജി x യുണൈറ്റഡ്
12:39 AM Oct 20, 2020 | Deepika.com