ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കാർലൊ ആൻസിലോട്ടിയുടെ എവർട്ടണ് തല താഴ്ത്താതെ മുന്നോട്ട്. സ്വന്തം മൈതാനമായ ഗുഡിസണ്‍ പാർക്കിൽ രണ്ട് തവണ പിന്നിലായെങ്കിലും തിരിച്ചുവരവ് നടത്തി ലിവർപൂളിനെ 2-2ന് എവർട്ടണ് സമനിലയിൽ പിടിച്ചു. അഞ്ച് മത്സരങ്ങളിൽനിന്ന് 13 പോയിന്റുമായി എവർട്ടണ് ആണ് ലീഗിന്റെ തലപ്പത്ത്. 10 പോയിന്റുമായി ലിവർപൂൾ മൂന്നാമതാണ്.
സാദിയൊ മാനെ (മൂന്നാം മിനിറ്റ്), മുഹമ്മദ് സല (72-ാം മിനിറ്റ്) എന്നിവരാണ് ലിവർപൂളിനായി വലകുലുക്കിയത്. മൈക്കിൾ കീൻ (19-ാം മിനിറ്റ്), ഡൊമിനിക് ലെവിൻ (81-ാം മിനിറ്റ്) എന്നിവരായിരുന്നു എവർട്ടണിന്റെ ഗോൾ നേട്ടക്കാർ. 90-ാം മിനിറ്റിൽ റിച്ചാർലിസണ് ചുവപ്പുകാർഡ് കണ്ടതോടെ ആതിഥേയർ പത്തു പേരായി ചുരുങ്ങി. ലീഗിൽ ഇതുവരെ തോൽവി അറിയാത്ത രണ്ട് ടീമുകളാണ് എവർട്ടണും ആസ്റ്റണ്‍ വില്ലയും.
വാശിയേറിയ മറ്റൊരു പോരാട്ടത്തിൽ ചെൽസിയും സതാംപ്ടണും 3-3ന് സമനിലയിൽ പിരിഞ്ഞു. സ്വന്തം തട്ടകത്തിൽ ടിമൊ വെർണറുടെ ഇട്ടഗോളിൽ 2-0നു മുന്നിട്ടുനിന്നശേഷമായിരുന്നു ചെൽസി സമനിലയിൽ കുടുങ്ങിയത്.
തല താഴ്ത്താതെ എവർട്ടണ്
12:30 AM Oct 18, 2020 | Deepika.com