ദുബായ്: സൂപ്പർ ഓവറിലേക്ക് നീണ്ട ത്രില്ലർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. സൂപ്പർ ഓവറിൽ എട്ട് റൺസ് വിജയലക്ഷ്യവുമായെത്തിയ ആർസിബി വിക്കറ്റ് നഷ്ടമില്ലാതെ 11 റൺസ് നേടി ജയമാഘോഷിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. ആവേശകരമായ പിൻതുടർച്ചയിൽ മുംബൈ ഇന്ത്യൻസ് അവസാന പന്തിൽ ഫോർ അടിച്ച് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201ൽ ടൈ കെട്ടി. അതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. മലയാളി താരം ദേവ്ദത്ത് പടിക്കൽ റോയൽ ചലഞ്ചേഴ്സിനായി റണ്ണടിക്കൽ തുടർന്നതാണ് ഇന്നലെ കണ്ടത്. ഐപിഎലിൽ ഇത്തവണ അരങ്ങേറിയ ഇരുപതുകാരനായ ദേവ്ദത്ത് രണ്ടാം അർധസെഞ്ചുറി നേടി. നേരിട്ട 37-ാം പന്തിലായിരുന്നു ദേവ്ദത്തിന്റെ അർധശതകം. 40 പന്തിൽനിന്ന് അഞ്ച് ഫോറും രണ്ട് സിക്സും അകന്പടിസേവിച്ച 54 റണ്‍സ് വരെ നീണ്ട ദേവ്ദത്തിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത് ട്രെന്റ് ബോൾട്ട് ആയിരുന്നു. ആരോണ്‍ ഫിഞ്ച് (52), എബി ഡിവില്യേഴ്സ് (24 പന്തിൽ 55നോട്ടൗട്ട്) എന്നിവരുടെ അർധ സെഞ്ചുറിയും ബംഗളൂരുവിന് കരുത്തേകി.
മറുപടിക്കിറങ്ങിയ മുംബൈ 11.2 ഓവറിൽ നാലിന് 78 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റിൽ ഇഷാൻ കിഷനും (58 പന്തിൽ ഒന്‍പത് സിക്സും രണ്ട് ഫോറും അടക്കം 99) കിറോൺ പൊള്ളാർഡും (24 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറും) ചേർന്ന് 119 റൺസ് നേടിയതാണ് കളിഗതി മാറ്റിമറിച്ചത്.
സൂപ്പർ ഓവർ പോരാട്ടത്തിൽ ആർസിബിക്ക് ജയം
01:08 AM Sep 29, 2020 | Deepika.com