പഞ്ചാബിനെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കു തൊട്ടതെല്ലാം പിഴച്ചു. ടോസ് നേടിയ കോഹ്ലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കെ.എൽ. രാഹുൽ സെഞ്ചുറിയിലൂടെ പഞ്ചാബിനെ കൂറ്റൻ സ്കോറിലെത്തിച്ചു.
രാഹുലിനു (132 നോട്ടൗട്ട്) സഹായകമായത് കോഹ്ലി വിട്ടുകളഞ്ഞ രണ്ട് ക്യാച്ചുകളാണ്. 83ൽ നിൽക്കേയായിരുന്നു ആദ്യ ക്യാച്ച് കോഹ്ലി നഷ്ടപ്പെടുത്തിയത്. ഡെയ്ൻ സ്റ്റെയിനിന്റെ ഓവറിലായിരുന്നു അത്. 89ൽ നിൽക്കുന്പോൾ നവദീപ് സെയ്നിയുടെ ഓവറിൽ രാഹുലിനെ കോഹ്ലി വീണ്ടും വിട്ടുകളഞ്ഞു. അതോടെ അവസാന ആറ് സീസണിലായി ഏറ്റവും അധികം ക്യാച്ച് വിട്ടുകളഞ്ഞ താരമെന്ന ദുഷ്പേര് കോഹ്ലിയെ തേടിയെത്തി (15 തവണ).
രണ്ട് ജീവൻ ലഭിച്ച കിംഗ്സ് ഇലവണ്‍ ക്യാപ്റ്റൻ നേരിട്ട 60-ാം പന്തിൽ 90ൽ എത്തി. തുടർന്ന് ഗിയർ മാറിയ രാഹുൽ പിന്നീട് നേരിട്ട ഒന്‍പത് പന്തിൽ അടിച്ചെടുത്തത് 6, 4, 0, 6, 6, 4, 4, 6, 6 എന്നിങ്ങനെ 42 റണ്‍സ്. അവസാന നാല് ഓവറിൽ കോഹ്ലിയുടെ ബൗളിംഗ് പരീക്ഷണങ്ങളെയും ക്രിക്കറ്റ് നിരീക്ഷകർ വിമർശിച്ചു. 19, 20 ഓവറുകൾ എറിഞ്ഞ സ്റ്റെയിനും ശിവം ദുബെയും 26ഉം 23ഉം റണ്‍സ് വീതമായിരുന്നു വിട്ടുകൊടുത്തത്.
ബാറ്റിംഗിനിറങ്ങിയപ്പോഴും കോഹ്ലിക്കു പിഴച്ചു. അഞ്ച് പന്തിൽ ഒരു റണ്‍ മാത്രമാണ് റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റനു നേടാനായത്. 97 റണ്‍സിനു തോൽക്കുകയും ചെയ്തു. ഇതിനെല്ലാം പിന്നാലെ കോഹ്ലിയെ തേടി പിഴ ശിക്ഷയും എത്തി. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ 12 ലക്ഷം രൂപയാണ് പിഴ ശിക്ഷ.
തൊട്ടതെല്ലാം പിഴച്ച് കോഹ്ലി, പിഴയും
11:40 PM Sep 25, 2020 | Deepika.com