കമന്ററി പറയുന്നതിനിടെ സുനിൽ ഗാവസ്കർ, റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്ക ശർമയുടെ പേര് വലിച്ചിഴച്ചതാണു വിവാദമായത്. വിവാദ പരാമർശം നടത്തിയ ഗാവസ്കറിനെതിരെ ബോളിവുഡ് താരമായ അനുഷ്ക ശർമ സമൂഹമാധ്യമത്തിലൂടെ രൂക്ഷവിമർശനം നടത്തി.
ലോക്ക്ഡൗണ്‍ സമയത്ത് കോഹ്ലി അനുഷ്കയുടെ ബൗളിംഗ് നേരിടാൻ മാത്രമാണു പഠിച്ചതെന്നായിരുന്നു ഗാവസ്കർ കമന്ററിക്കിടെ പറഞ്ഞത്. ഗാവസ്കറുടെ കമന്റ് അരുചികരമായിരുന്നെന്നും ഭർത്താവിന്റെ മോശം പ്രകടനത്തിൽ ഭാര്യയെ പഴിചാരുന്നത് എന്തിനാണെന്നും അനുഷ്ക ചോദിച്ചു. എപ്പോഴാണ് എന്നെ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത് അവസാനിക്കുക? എപ്പോഴാണ് ഇത്തരം പ്രസ്താവനകൾ അവസാനിക്കുക? ബഹുമാനപ്പെട്ട ഗാവസ്കർ, ഈ മാന്യന്മാരുടെ ഗെയിമിലെ പേരുകളിൽ ഉയരത്തിൽ നിൽക്കുന്ന വ്യക്തിയാണു നിങ്ങൾ- അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ലോക്ക്ഡൗണ്‍ സമയത്ത് അനുഷ്കയ്ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ കോഹ്ലി പങ്കുവച്ചിരുന്നു. അതുമായി ബന്ധപ്പെടുത്തിയായിരുന്നു ഗാവസ്കറിന്റെ പരാമർശം. അന്യായമായി ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും അനുഷ്കയെ കുറ്റപ്പെടുത്തുകയല്ല ചെയ്തതെന്നും ഗാവസ്കർ പ്രതികരിച്ചു. അതേസമയം, കോഹ്ലി-അനുഷ്ക ആരാധകർ ഗാവസ്കറിനെതിരേ രംഗത്തെത്തി.
ഗാവസ്കറിനെതിരെ അനുഷ്ക
11:40 PM Sep 25, 2020 | Deepika.com