ബാഴ്സലോണ: ക്ലബ് വിടുന്നതിന്റെ വക്കിൽനിന്ന് ആ തീരുമാനം ഉപേക്ഷിച്ചശേഷം അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ആദ്യമായി ബാഴ്സലോണയ്ക്കായി ഇറങ്ങിയ മത്സരത്തിൽ സ്പാനിഷ് സംഘത്തിനു ജയം. സൗഹൃദ പോരാട്ടത്തിൽ ബാഴ്സലോണ 3-0ന് രണ്ടാം ഡിവിഷൻ സ്പാനിഷ് ക്ലബ്ബായ ജിംനാസ്റ്റിക്സിനെ കീഴടക്കി. ബയേണ്‍ മ്യൂണിക്കിനായി ലോണ്‍ വ്യവസ്ഥയിൽ കളിച്ചശേഷം ബ്രസീൽ താരം ഫിലിപ്പെ കുടീഞ്ഞോ ബാഴ്സയിൽ തിരിച്ചെത്തി ടീമിനായി ഇറങ്ങിയ ആദ്യ മത്സരം കൂടിയായിരുന്നു. ബാഴ്സയുടെ മൂന്നാം ഗോൾ 51-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ കുടീഞ്ഞോ സ്വന്തമാക്കുകയും ചെയ്തു.
ഒസമെൻ ഡെംബെലെ (അഞ്ച്), ആൻത്വാൻ ഗ്രീസ്മാൻ (17- പെനൽറ്റി) എന്നിവരായിരുന്നു ബാഴ്സയ്ക്കായി ആദ്യ രണ്ട് ഗോൾ നേടിയത്. 46 മിനിറ്റ് മെസി മൈതാനത്ത് ഉണ്ടായിരുന്നു. 46-ാം മിനിറ്റിൽ മാർട്ടിൻ ബ്രാത്വെയ്റ്റ് മെസിക്ക് പകരമായി ഇറങ്ങി. മാനേജർ സ്ഥാനത്ത് റോണൾഡ് കൂമൻ എത്തിയശേഷം ബാഴ്സയുടെ ആദ്യ മത്സരമായിരുന്നു.
മെസി ഇറങ്ങി, കുടീഞ്ഞോ ഗോളടിച്ചു
11:59 PM Sep 13, 2020 | Deepika.com