ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം പുതിയൊരു ചാന്പ്യൻ പിറവിയെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഓസ്ട്രിയയുടെ ലോക മൂന്നാം നന്പർ താരം ഡൊമിനിക് തീമും ജർമനിയുടെ ലോക ഏഴാം നന്പർ താരം അലക്സാണ്ടർ സ്വരേവും ഫൈനലിൽ പ്രവേശിച്ചു. ഇരുവരും ചരിത്രത്തിൽ ആദ്യമായാണ് യുഎസ് ഓപ്പണ്‍ ഫൈനലിൽ ഇടംപിടിച്ചത്. കന്നി ഗ്രാൻസ്ലാം കിരീടത്തിലേക്ക് ഇരുവർക്കും ഇനിയുള്ളത് ഒരു ജയത്തിന്റെ കൈയകലം മാത്രം. ജോക്കോവിച്ച്, മുറെ തുടങ്ങിയവരെല്ലാം പുറത്തായതോടെയാണ് ഈ സീസണ് യുഎസ് ഓപ്പണിൽ 2014നുശേഷം പുതിയൊരു ജേതാവിനായുള്ള കളമൊരുങ്ങിയത്.
പൊരുതിക്കയറി സ്വരേവ്
സെമിയിൽ സ്പെയിനിന്റെ 20-ാം സീഡായ പാബ്ലൊ ബുസ്തയ്ക്കെതിരേ ജയം പൊരുതി നേടിയാണ് സ്വരേവ് ഫൈനലിൽ പ്രവേശിച്ചത്. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ട ശേഷമായിരുന്നു ജർമൻ താരത്തിന്റെ അദ്ഭുതകരമായ തിരിച്ചുവരവ്. സ്കോർ: 3-6, 2-6, 6-3, 6-4, 6-3. ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടശേഷം സ്വരേവ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗ്രാൻസ്ലാം മത്സരത്തിൽ ജയം നേടുന്നത്.
അനായാസം തീം
കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റായിരുന്ന റഷ്യയുടെ ഡാനിൽ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കി ഡൊമിനിക് തീം ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കി. ആദ്യസെറ്റ് 6-2ന് സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നും സെറ്റിൽ റഷ്യൻ താരം തീമിന് ശക്തമായ വെല്ലുവിളി ഉയർത്തി. എന്നാൽ, രണ്ടും മൂന്നും സെറ്റ് 7-6 (9-7), 7-6 (7-5) ന് സ്വന്തമാക്കി തീം ഫൈനലിലേക്കു മുന്നേറി.
‘തോറ്റാൽ മുറെയെ വിളിക്കും’!
യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചശേഷം ഡൊമിനിക് തീം നടത്തിയ പ്രതികരണം ഏറെ രസകരമായിരുന്നു. ഫൈനൽ ജയിച്ചാൽ ആദ്യ ഗ്രാൻസ്ലാം കിരീടം. മറിച്ചാണെങ്കിൽ മിക്കവാറും ആൻഡി മുറയെ വിളിക്കും, 0-4ന്റെ അനുഭവം പങ്കുവയ്ക്കും- തീം പറഞ്ഞു.
ഓസ്ട്രിയൻ താരത്തിന്റെ ഈ പ്രതികരണത്തിന് ഒരു കാരണമുണ്ട്. ഇതിനോടകം മൂന്ന് ഗ്രാൻസ്ലാം ഫൈനലുകളിൽ തീം പരാജയപ്പെട്ടു, 2018, 2019 ഫ്രഞ്ച് ഓപ്പണിനും 2020 ഓസ്ട്രേലിയൻ ഓപ്പണിലും. ഇത്തവണ യുഎസ് ഓപ്പണിൽകൂടി പരാജയപ്പെട്ടാൽ നാല് ഗ്രാൻസ്ലാം ഫൈനൽ തോൽവിയാകും. മുറെ നാല് ഗ്രാൻസ്ലാം ഫൈനലുകളിൽ പരാജയപ്പെട്ട ശേഷമായിരുന്നു 2012ൽ യുഎസ് ഓപ്പണിലൂടെ ആദ്യ കിരീടം സ്വന്തമാക്കിയത്.
മറുവശത്ത് അലക്സാണ്ടർ സ്വരേവ് ഇതാദ്യമായാണ് ഒരു ഗ്രാൻസ്ലാമിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 2020 ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിയിൽ പ്രവേശിച്ചതായിരുന്നു ഗ്രാൻസ്ലാമിൽ സ്വരേവിന്റെ മുന്‍പുള്ള മികച്ച പ്രകടനം.
കൈയകലെ! തീം x മെദ്വദേവ് ഫൈനൽ നാളെ
12:10 AM Sep 13, 2020 | Deepika.com