അബുദാബി: കരീബിയൻ പ്രീമിയർ ലീഗ് ട്വന്റി-20യുടെ തിരക്ക് അവസാനിച്ച് കിറോണ്‍ പൊള്ളാർഡ് അടക്കമുള്ള വിൻഡീസ് താരങ്ങൾ ഐപിഎലിനായി യുഎഇയിൽ എത്തി. സിപിഎൽ 2020 സീസണ് അവസാനിച്ചതോടെ അവിടെ വിവിധ ടീമുകൾക്കായി കളിച്ചിരുന്ന ഐപിഎലിന്റെ ഭാഗമായ മറ്റു കളിക്കാരും യുഎഇയിൽ പറന്നിറങ്ങി. യുഎഇ ആതിഥേയത്വം വഹിക്കുന്ന 13-ാം എഡിഷൻ ഐപിഎൽ പോരാട്ടം തുടങ്ങാൻ ഇനി ആറ് ദിനങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.
മുംബൈ ഇന്ത്യൻസിനായി കളിക്കുന്ന പൊള്ളാർഡ് സകുടുംബം അബുദാബിയിൽ എത്തിയതിന്റെ ചിത്രം ടീം തങ്ങളുടെ ഒൗദ്യോഗിക ട്വിറ്ററിൽ പങ്കുവച്ചു. പൊള്ളാർഡിനൊപ്പം വിൻഡീസ് താരം ഷെർഫാൻ റൂതർഫോർഡും അബുദാബിയിൽ വിമാനമിറങ്ങി. പേസറായ റൂതർഫോർഡിനെ രണ്ടു കോടി രൂപയ്ക്കാണ് മുംബൈ ഈ സീസണിൽ ടീമിലെത്തിച്ചത്. സിപിഎലിൽ ഗയാന വാരിയേഴ്സിനൊപ്പമായിരുന്നു ഈ ഇരുപത്തിരണ്ടുകാരൻ.
സിപിഎലിൽ പൊള്ളാർഡിന്റെ നേതൃത്വത്തിലുള്ള ട്രിൻബാഗൊ നൈറ്റ് റൈഡേഴ്സ് കിരീടം സ്വന്തമാക്കി. 207 റണ്‍സും എട്ട് വിക്കറ്റും സ്വന്തമാക്കിയ പൊള്ളാർഡ് ആയിരുന്നു ടൂർണമെന്റിന്റെ താരം.
സകുടുംബം പൊള്ളാർഡ്
12:10 AM Sep 13, 2020 | Deepika.com