ജൊഹന്നാസ്ബർഗ്: കെടുകാര്യസ്ഥത, സാന്പത്തിക തട്ടിപ്പ് എന്നിവയുടെ പേരിൽ ദക്ഷിണാഫ്രിക്കൻ സ്പോർട്സ് കോണ്‍ഫെഡറേഷൻ ആൻഡ് ഒളിന്പിക് കമ്മിറ്റി (എസ്എഎസ്സിഒസി), ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയെ (സിഎസ്എ) വിലക്കിയതു ടീമിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യത. ക്രിക്കറ്റ് ബോർഡിനു വിലക്ക് വന്ന പശ്ചാത്തലത്തിൽ രാജ്യാന്തര പോരാട്ടങ്ങളിൽനിന്നു ദക്ഷിണാഫ്രിക്കൻ ടീമിനെ ഐസിസി മാറ്റിനിർത്താനുള്ള സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. അതത് രാജ്യത്തെ ക്രിക്കറ്റ് ബോർഡുകളിൽ സർക്കാർ ഇടപെടൽ ഉണ്ടായാൽ ടീമുകളെ വിലക്കാനുള്ള അധികാരം ഐസിസിക്കുണ്ട്.
ബോർഡിന്റെ കെടുകാര്യസ്ഥതയും വൻ സാന്പത്തിക തിരിമറികളെയും തുടർന്നാണ് സർക്കാർ നേരിട്ട് സിഎസ്എക്കെതിരേ നടപടിയെടുത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ നടത്തിപ്പ് പ്രശ്നങ്ങൾ ഒഴിവാക്കാനാണു നടപടിയെന്നാണ് എസ്എഎസ്സിഒസി അധികൃതരുടെ നിലപാട്. ബോർഡിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയെ വിലക്കും
11:59 PM Sep 11, 2020 | Deepika.com