ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് സെമിയിൽ രണ്ടാം സീഡായ ഓസ്ട്രിയയുടെ ഡൊമിനിക് തീമും മൂന്നാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവും ഏറ്റുമുട്ടും. കന്നി ഗ്രാൻസ്ലാം കിരീടത്തിനായാണ് ഇരുവരും പോരാടുന്നത്.
കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റാണു മെദ് വദേവ്. തീം ഓസ്ട്രേലിയൻ, ഫ്രഞ്ച് ഓപ്പണുകളിലായി മൂന്നു തവണ ഫൈനലിൽ കളിച്ചിട്ടുണ്ട്. ഇതുവരെ ഇരുവർക്കും ഗ്രാൻസ്ലാം നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
ക്വാർട്ടറിൽ ഓസ്ട്രേലിയയുടെ അലക്സ് മിനൗറിനെ 6-1, 6-2, 6-4നു കീഴടക്കിയാണു തീം സെമിയിൽ പ്രവേശിച്ചത്. മെദ്വദേവ് 7-6 (8-6), 6-3, 7-6 (7-5) എന്ന നിലയിൽ സ്വന്തം നാട്ടുകാരനായ റുബ്ലെവിനെ ക്വാർട്ടറിൽ മറികടന്നു.
സെറീന x അസരെങ്ക
ഇന്നാരംഭിക്കുന്ന വനിതാ വിഭാഗം സിംഗിൾസ് സെമിയിൽ അമേരിക്കയുടെ സെറീന വില്യംസ്, ബെലാറസിന്റെ വിക്ടോറിയ അസരെങ്കയെ നേരിടും. അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയും ജപ്പാന്റെ നവോമി ഒസാക്കയും തമ്മിലാണ് ആദ്യ സെമി പോരാട്ടം.
പതിനാറാം സീഡായ ബെൽജിയത്തിന്റെ എലിസ് മെർട്ടെൻസിനെ കീഴടക്കിയാണു സീഡില്ലാത്ത അസരെങ്ക സെമിയിലെത്തിയത്. സ്കോർ: 6-1, 6-2. ബൾഗേറിയയുടെ പിരോങ്കോവയെ 4-6, 6-3, 6-2ന് മറികടന്നായിരുന്നു സെറീനയുടെ സെമി പ്രവേശം.
തീം x മെദ്വദേവ്
11:45 PM Sep 10, 2020 | Deepika.com