ലിസ്ബണ്‍ (പോർച്ചുഗൽ): യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ചരിത്രത്തിലാദ്യമായി ആർബി ലൈപ്സിഗ് സെമിയിൽ. ക്വാർട്ടറിൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിനെ 2-1നു കീഴടക്കിയാണ് ജർമനിയിൽനിന്നുള്ള ലെപ്സിഗ് അവസാന നാലിൽ കടന്നത്. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം ഡാനി ഒൽമോയിലൂടെ 50-ാം മിനിറ്റിൽ ജർമൻ സംഘം ലീഡ് നേടി. ജാവൊ ഫെലിക്സിന്റെ പെനൽറ്റി ഗോളിലൂടെ അത്ലറ്റിക്കോ 71-ാം മിനിറ്റിൽ ഒപ്പമെത്തിയെങ്കിലും ടെയ്ലർ ആദംസ് (88) ലൈപ്സിഗിന്റെ വിജയം കുറിച്ചു.
2010-11ൽ ഷാൽക്കെയ്ക്കുശേഷം ബയേണ്‍ മ്യൂണിക്ക്, ബൊറൂസിയ ഡോർട്ട്മുണ്ട് എന്നിവയല്ലാതെ യുവേഫ ചാന്പ്യൻസ് ലീഗ് സെമിയിൽ പ്രവേശിക്കുന്ന ആദ്യ ജർമൻ ക്ലബ്ബാണു ലൈപ്സിഗ്.
സെമിയിൽ ഫ്രഞ്ച് ചാന്പ്യന്മാരായ പാരീ സാൻ ഷെർമയ്നും ലൈപ്സിഗും തമ്മിൽ ഏറ്റുമുട്ടും. അടുത്ത ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. ഇന്നു നടക്കുന്ന അവസാന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി ഫ്രാൻസിൽനിന്നുള്ള ലിയോണുമായി ഏറ്റുമുട്ടും. രാത്രി 12.30നാണ് മത്സരം.
പിഎസ്ജി x ലൈപ്സിഗ് സെമി
11:10 PM Aug 14, 2020 | Deepika.com