ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത. അടുത്ത വർഷത്തെ ട്വന്റി-20 ലോകകപ്പ് ഇന്ത്യയിൽ നടക്കും. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ഒക്ടോബർ-നവംബറിൽ ഓസ്ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവച്ചതോടെ 2021ൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് 2022ലേക്ക് മാറ്റിയതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
ഈ വർഷത്തെ ലോകകപ്പ് മാറ്റുന്നതോടെ അടുത്ത വർഷം ഓസ്ട്രേലിയയ്ക്ക് അവസരം നൽകാനായിരുന്നു അത്. എന്നാൽ, 2021ൽ ഇന്ത്യയിൽത്തന്നെ ലോകകപ്പ് നടത്താനാണ് ഇപ്പോഴത്തെ ധാരണ. ഐസിസി ഇക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഈ വർഷം മാറ്റിവയ്ക്കപ്പെട്ട ഓസ്ട്രേലിയൻ ട്വന്റി-20 ലോകകപ്പ് 2022ൽ നടക്കും.
2021, 2022 ട്വന്റി-20 ലോകകപ്പ് ആതിഥേയത്വംവച്ചുമാറാൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ക്രിക്കറ്റ് ഓസ്ട്രേലിയ മേധാവി ഏൾ എഡിംഗ്സുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റം. അടുത്ത വർഷം ഇന്ത്യയിൽത്തന്നെ ലോകകപ്പ് നടത്താൻ സാധിച്ചത് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐയുടെ വിജയമാണ്.
അടുത്ത വർഷം ന്യൂസിലൻഡിൽ നടക്കേണ്ട വനിതാ ഏകദിന ലോകകപ്പ് 2022ലേക്ക് മാറ്റിയതായും ഐസിസി ബോർഡ് യോഗം അറിയിച്ചു. 2023ൽ ഇന്ത്യയിൽ ഏകദിന ലോകകപ്പ് അരങ്ങേറും. പുതിയ തീരുമാനത്തിന്റെ ഫലമായി ട്വന്റി-20, ഏകദിന ലോകകപ്പുകൾക്ക് ഇടയിൽ ഇന്ത്യക്ക് ഒരു വർഷത്തെ ഇടവേള ലഭിക്കും. 2021 ട്വന്റി-20 ലോകകപ്പ് ഓസ്ട്രേലിയയിൽ ആയിരുന്നെങ്കിൽ 2022, 23 വർഷങ്ങളിൽ ഇന്ത്യയിൽ ട്വന്റി-20, ഏകദിന ലോകകപ്പുകൾ അരങ്ങേറുമായിരുന്നു.
ലോകകപ്പ്, വേദി, മാസം
2021 ട്വന്റി-20 ലോകകപ്പ് ഇന്ത്യ ഒക്ടോബർ-നവംബർ
2022 ട്വന്റി-20 ലോകകപ്പ് ഓസ്ട്രേലിയ ഒക്ടോബർ-നവംബർ
2023 ഏകദിന ലോകകപ്പ് ഇന്ത്യ ഒക്ടോബർ-നവംബർ
2021ലെ ട്വന്റി-20 ലോകകപ്പ് ഇന്ത്യയിൽ
11:51 PM Aug 08, 2020 | Deepika.com