കോട്ടയം: ഇന്ത്യയുടെ അണ്ടര്‍ 16, അണ്ടര്‍ 18 ബാസ്കറ്റ്ബോള്‍ താരം ആന്‍ മേരി സക്കറിയായ്ക്ക് അമേരിക്കയിലെ ലൈഫ് പ്രിപ്പറേറ്ററി അക്കാഡമി സ്കോളര്‍ഷിപ്പ്. കാന്‍സസ് സ്റ്റേറ്റ് ലൈഫ് പ്രിപ്പറേറ്ററി അക്കാഡമിയുടെ സ്കോളര്‍ഷിപ്പാണ് ആന്‍ മേരിക്കു ലഭിച്ചത്.
കേരളത്തിൽനിന്നു യുഎസിലേക്കു സ്കോളര്‍ഷിപ്പ് ലഭിക്കുന്ന ആദ്യ വനിതാ കായികതാരമാണ് ആന്‍ മേരി. കോട്ടയം മൗണ്ട് കാര്‍മല്‍ ഗേള്‍സ് എച്ച്എസ്എസ് വിദ്യാര്‍ഥിനിയാണ് ആന്‍ മേരി. മുന്‍ ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ താരങ്ങളായ സക്കറിയ തോമസിന്റെയും ജീന സക്കറിയയുടെ മകളാണ് ആന്‍ മേരി.
ആന്‍ മേരിക്ക് അക്കാഡമിയില്‍ ജൂണിയര്‍, സീനിയര്‍ ലെവല്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കാനാകും. അതിനുശേഷം എന്‍സിഎഎ ഡി1 സ്കോളര്‍ഷിപ്പിനായും ശ്രമിക്കാം. നാഷണല്‍ കൊളേജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ (എന്‍സിഎഎ) നെക്സ്റ്റ് ജനറേഷന് പ്രോഗ്രാമിനു ക്ഷണം ലഭിച്ച നാലു ഇന്ത്യന്‍ പെണ്‍കുട്ടികളില്‍ ഒരാളാണ് ആന്‍ മേരി.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരം ഫിബ ചാമ്പ്യന്‍ഷിപ്പ് ലെവല്‍ രണ്ടിന്റെ അണ്ടര്‍ 17, അണ്ടര്‍ 18 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. യൂത്ത്, ജൂണിയര്‍ ലെവലില്‍ കേരളത്തെ ദേശീയ ചാമ്പ്യന്മാരാക്കുന്നതില് ആന്‍ മേരി വലിയ പങ്കാണ് വഹിച്ചത്. ആറടി രണ്ടിഞ്ച് ഉയരക്കാരിയായ ആന്‍ മേരി ബാസ്കറ്റ്ബോളിലെ ഓള്‍റൗണ്ടറാണ്. സ്കോര്‍ ചെയ്യുന്നതിനൊപ്പം പ്രതിരോധക്കാനുള്ള കഴിവുമുണ്ട്. 2020 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും താരം മികച്ച പ്രകടനം കാഴ്ചവച്ചു.
ആന്‍ മേരിക്കു യുഎസ് സ്കോളര്‍ഷിപ്പ്
10:37 PM Jul 30, 2020 | Deepika.com