മുംബൈ: 1983ൽ ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച ക്യാപ്റ്റനാണ് കപിൽ ദേവ്. കപിൽ ഇന്ത്യൻ ടീമിലെത്തിയ കാലത്ത് ഒരു നായകനെ പേടിയായിരുന്നു, എസ്. വെങ്കട്ടരാഘവനെ. വെങ്കട്ടരാഘവൻ പേടിയെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് കപിൽ വെളിപ്പെടുത്തിയത്. വെങ്കട്ടരാഘവൻ നായകനായിരുന്ന കാലത്ത് അദ്ദേഹത്തെ പേടിച്ച് പലപ്പോഴും ഒളിച്ചിരുന്നിട്ടുണ്ടെന്ന് കപിൽ പറഞ്ഞു.
പൊതുവെ മുൻകോപക്കാരനായിരുന്നു വെങ്കട്ടരാഘവൻ. ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീ ബ്രേക്ക് എന്ന് പറയുന്പോൾ അതെന്താ ടീ ബ്രേക്ക്, കോഫി ബ്രേക്ക് എന്ന് പറഞ്ഞാൽ എന്താ കുഴപ്പം എന്ന് തിരിച്ച് ചോദിക്കുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ എനിക്ക് പേടിയായിരുന്നു. ഒന്നാമത്തെ കാരണം അദ്ദേഹം ഇംഗ്ലീഷിൽ മാത്രമെ സംസാരിക്കൂ. രണ്ടാമത്തെ കാര്യം അദ്ദേഹത്തിന്റെ മുൻകോപത്തെക്കുറിച്ച് ഞങ്ങൾക്കെല്ലാവർക്കും അറിയാം. അന്പയറായിരുന്ന കാലത്തുപോലും നോട്ടൗട്ട് വിധിക്കുന്പോൾ ബൗളറെ ചീത്തവിളിക്കുന്നപോലെയാണ് അദ്ദേഹം ആംഗ്യം കാട്ടുക.
ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്പോഴൊക്കെ ഞാൻ അദ്ദേഹം കാണാതെ ഒരു മൂലയിൽ പോയിരിക്കും. കാരണം ഞാൻ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. അദ്ദേഹം അത് കണ്ടാൽ, എപ്പോഴും തീറ്റതന്നെ എന്ന് എന്നെ നോക്കി പറയുമെന്നുറപ്പാണ്- കപിൽ സ്മരിച്ചു. ക്യാപ്റ്റനായിട്ടുപോലും വെങ്കട്ടരാഘവന്റെ ചീത്ത കേട്ടിട്ടുണ്ട്. ചീത്തപറയുമെങ്കിലും സ്നേഹസന്പന്നനായ വ്യക്തിയായിരുന്നു അദ്ദേഹമെന്നും കപിൽ വ്യക്തമാക്കി.
വെങ്കട്ടരാഘവനെ പേടിച്ച കപിൽ
12:18 AM Jul 16, 2020 | Deepika.com