കേരളത്തിന്റെ സ്വന്തം ഐഎസ്എൽ ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു ലാറ്റിനമേരിക്കൻ എൻട്രി. കൊളംബിയക്കാരനായ പ്രതിരോധതാരം ഒസ്വാൽഡൊ ഹൊസെ ഹെൻറിക്വസ് എന്ന മുപ്പത്തൊന്നുകാരൻ ബ്ലാസ്റ്റേഴ്സിലേക്ക് എത്തും. സൂപ്പർ സ്ട്രൈക്കറായ നൈജീരിയൻ താരം ബെർത്തലോമിയോ ഒഗ്ബെച്ചെ ക്ലബ് വിടുമെന്ന വാർത്തയ്ക്കു പിന്നാലെയാണ് കൊളംബിയൻ പ്രതിരോധതാരം എത്തുമെന്ന സൂചന ലഭിക്കുന്നത്.
സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ഹെൻറിക്വസുമായുള്ള ചർച്ചകൾ പൂർത്തിയായെന്നും മെഡിക്കൽ കഴിഞ്ഞാൽ ട്രാൻസ്ഫർ പൂർത്തിയാകുമെന്നുമാണ് കേരള ബ്ലാസ്റ്റേഴ്സ് വൃത്തങ്ങളിൽനിന്നുള്ള വിവരം.
വൈദ്യപരിശോധന എന്ന കടന്പകൂടി കഴിഞ്ഞാൽ മാത്രമേ ആറ് അടി ഒരു ഇഞ്ച് ഉയരക്കാരനായ കൊളംബിയൻ താരത്തിന്റെ വരവ് ക്ലബ് ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കരാറിലെത്തുന്ന ആദ്യ വിദേശതാരമാകും ഹെൻറിക്വസ്. ബ്രസീൽ ക്ലബ്ബായ വാസ്കൊ ഡ ഗാമയ്ക്കൊപ്പമായിരുന്നു ഹെൻറിക്വസ്. കൊളംബിയൻ ക്ലബ്ബായ മില്ലനാരിയോസിലൂടെയാണ് കരിയർ ആരംഭിച്ചത്. ഈ സീസണ് മുതലാണ് വിദേശതാരങ്ങൾക്ക് വൈദ്യപരിശോധന ബ്ലാസ്റ്റേഴ്സ് നിർബന്ധമാക്കിയത്.
ഒഗ്ബെച്ചെ, മുംബൈ സിറ്റി എഫ്സിയിലേക്ക് കൂടുമാറുകയും ലോണ് വ്യവസ്ഥയിൽ കഴിഞ്ഞ സീസണിൽ ഹങ്കേറിയൻ ക്ലബ്ബിനൊപ്പമായിരുന്ന സ്ലൊവേനിയൻ സ്ട്രൈക്കർ മാറ്റെജ് പൊപ്ലാറ്റ്നിക് തിരികെ എത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബ്ലാസ്റ്റേഴ്സുമായി ഒരു വർഷംകൂടി കരാറുള്ള പൊപ്ലാറ്റ്നിക് സ്കോട്ടിഷ് ക്ലബ്ബായ ലിവിംഗ്സ്റ്റണ് എഫ്സിക്ക് ഒപ്പമാകും ഈ സീസണ് ചെലവിടുക. മഞ്ഞപ്പടയ്ക്കൊപ്പം നിലവിലുള്ള ഏക വിദേശതാരം സ്പെയിനിൽനിന്നുള്ള മധ്യനിരക്കാരനായ സെർജ്യോ സിഡോഞ്ചയാണ്.
കിബു വികുനയുടെ കീഴിൽ പുതിയ പദ്ധതികളാണ് ബ്ലാസ്റ്റേഴ്സ് ഒരുക്കുന്നത്. ഗോളിമാരായ ആൽബിനോ തോമസ്, പ്രഭ്സുഖാൻ സിംഗ് ഗിൽ, പ്രതിരോധ താരങ്ങളായ സന്ദീപ് സിംഗ്, നിഷു കുമാർ, മെയ്തേയി, ഡിഫൻസീവ് മിഡ്ഫീൽഡർ രോഹിത് കുമാർ, സ്ട്രൈക്കർമാരായ മൻവീർ സിംഗ്, ഗിവ്സണ് സിംഗ് തുടങ്ങിയ ഒരു സംഘം ഇന്ത്യൻ യുവതാരങ്ങളെ ഇതിനോടകം ബ്ലാസ്റ്റേഴ്സ് തട്ടകത്തിലെത്തിച്ചിട്ടുണ്ട്.
അനീഷ് ആലക്കോട്
കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൊളംബിയൻ എൻട്രി
11:39 PM Jul 14, 2020 | Deepika.com