ഷക്കീരയുടെ വക്കാ... വക്കാ... തെരുവിലും ഗാലറിയിലും വുവുസേലയുടെ മൂളൽ... ആഫ്രിക്കയിൽ ചരിത്രം സൃഷ്ടിച്ച് കന്നിക്കിരീടവുമായി സ്പെയിനിന്റെ മടക്കം... ഇതെല്ലാം കെട്ടടങ്ങിയിട്ട് ഇന്ന് പത്ത് വർഷം... ലാറോഹ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സ്പാനിഷ് ടീം ഇതുപോലൊരു ജൂലൈ 11ന് 2010 ഫിഫ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 116-ാം മിനിറ്റിൽ ആന്ദ്രേ ഇനിയേസ്റ്റ ഹോളണ്ടിന്റെ കഥകഴിച്ച ഗോളിലൂടെ സ്പെയിനിലേക്ക് കിരീടമെത്തിച്ചു.
ചരിത്രത്തിലാദ്യമായി ആയിരുന്നു ഫിഫ ലോകകപ്പ് പോരാട്ടം ആഫ്രിക്കൻ വൻകരയിലെത്തുന്നത്. ഈജിപ്ത്, മൊറൊക്കോ എന്നിവയെ പിന്തള്ളി ആതിഥേയരാജ്യമായത് ദക്ഷിണാഫ്രിക്ക. നെൽസണ് മണ്ഡേലയുടെ ചിരകാല അഭിലാഷമായിരുന്നു അതെന്നതും ചരിത്രം. കിക്കോഫിനു മുന്പുതന്നെ ഷക്കീരയുടെ വക്കാ... വക്കാ... ദിസ് ടൈം ഫോർ ആഫ്രിക്ക എന്ന ലോകകപ്പ് ഗാനം തരംഗമായി. റിക്കിമാർട്ടിന്റെ ഗോൾ... ഗോൾ... ഗോൾ... എന്ന 1998 ലോകകപ്പ് ഗാനത്തിനുശേഷം ആരാധകരുടെ ഹൃദയം കവരുന്നതായി വക്കാ... വക്കാ...
അതിഥിയായെത്തിയ കാൽപ്പന്ത് ആവേശത്തെ ആഫ്രിക്കൻ വൻകര ഒന്നടങ്കം നെഞ്ചിലേറ്റിയതോടെ വുവുസേല എന്ന പ്ലാസ്റ്റിക് കുഴലിലൂടെയുള്ള ശബ്ദം ലോകമറിഞ്ഞു. ഗാലറിയിൽ വുവുസേലയുടെ ശബ്ദം ഉയർന്നപ്പോൾ മൈതാനത്ത് പരസ്പരം നിർദേശം നൽകാൻപോലും സാധിക്കാത്ത അവസ്ഥയിലായി കളിക്കാർ. മത്സരം ഒന്നൊന്നായി മുറുകിയതിനൊപ്പം വുവുസേലയുടെ ശബ്ദവും അകന്പടിയായി. ഘാന ക്വാർട്ടറിൽ എത്തിയതും ആഫ്രിക്കൻ തലയെടുപ്പിന്റെ ചരിത്രം.
2010 ജൂലൈ 11: ജൊഹാന്നസ്ബർഗിലെ സോക്കർ സിറ്റി സ്റ്റേഡിയത്തിൽ ലോക കിരീട പോരാട്ടം. കൊന്പുകോർക്കുന്നത് ഗ്രൂപ്പ് ഇ ചാന്പ്യന്മാരായി പ്രീക്വാർട്ടറിലെത്തി, അവിടെ സ്ലോവാക്യയെയും ക്വാർട്ടറിൽ ബ്രസീലിനെയും സെമിയിൽ ഉറുഗ്വെയെയും മറികടന്ന ഹോളണ്ട് ഒരുവശത്ത്. മറുവശത്ത് ഗ്രൂപ്പ് എച്ച് ചാന്പ്യന്മാരായി നോക്കൗട്ടിലെത്തി പ്രീക്വാർട്ടറിൽ പോർച്ചുഗലിനെയും ക്വാർട്ടറിൽ പരാഗ്വെയെയും സെമിയിൽ ജർമനിയെയും കീഴടക്കിയ സ്പെയിൻ.
ഓറഞ്ച് വിപ്ലവത്തിലൂടെ ഹോളണ്ടോ, അതോ കാളപ്പോരിന്റെ ശൗര്യത്തോടെ സ്പെയിനോ കിരീടമുയർത്തുക എന്നതിനായി ലോകം കാത്തിരുന്ന നിമിഷങ്ങൾ. സ്പെയിൻ ലോകകപ്പ് ഫൈനലിൽ എത്തുന്നത് ചരിത്രത്തിൽ ആദ്യം. 1974, 78 ലോകകപ്പ് ഫൈനലുകളിൽ കളിച്ചെങ്കിലും ഓറഞ്ച് പടയ്ക്ക് കിരീടം അപ്രാപ്യമായിരുന്നു. കന്നിക്കിരീടത്തിനായി ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടി. ഇരു ഭാഗത്തേക്കും റൈഡുകൾ നടന്നെങ്കിലും നിശ്ചിത സമയത്ത് ഗോൾ പിറന്നില്ല. അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ 109-ാം മിനിറ്റിൽ ഹെയ്റ്റിങ്ക രണ്ടാം മഞ്ഞക്കാർഡിലൂടെ മാർച്ചിംഗ് ഓർഡർ കൈപ്പറ്റിയതോടെ ഹോളണ്ടിന്റെ അംഗബലം പത്തായി കുറഞ്ഞു. ഏഴ് മിനിറ്റിനുശേഷം ഇനിയേസ്റ്റയുടെ ഗോളിൽ വിധിയെഴുത്ത്, 1-0.
വക്കാ... വക്കാ... വീഡിയോ ഷൂട്ടിംഗിനിടെ പരിചയത്തിലായ ഷക്കീരയും സ്പാനിഷ് പ്രിതിരോധതാരം ജെറാർഡ് പികെയും പ്രണയത്തിലായതും ഒന്നിച്ചുള്ള ജീവിതയാത്ര തുടങ്ങിയതും പിന്നീടുണ്ടായ ചരിത്രം...
ഷക്കീര, വുവുസേല, സ്പെയിൻ...
12:12 AM Jul 11, 2020 | Deepika.com