സൂറിച്ച്: 2019-20 സീസണ് യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് പൂർത്തിയായി. പ്രീക്വാർട്ടർ പോരാട്ടങ്ങൾ അവസാനിച്ചില്ലെങ്കിലും നറുക്കെടുപ്പ് നടത്തുകയായിരുന്നു. അതിനാൽ പ്രീക്വാർട്ടറിൽ മത്സരങ്ങൾ പൂർത്തിയായാൽ മാത്രമേ ക്വാർട്ടർ ലൈനപ്പ് വ്യക്തമാകൂ. അടുത്തമാസം പോർച്ചുഗലിലാണ് ക്വാർട്ടർ മുതലുള്ള മത്സരങ്ങൾ നടക്കുക.
ക്വാർട്ടർ മുതൽ നോക്കൗട്ട് രീതിയിലാകും മത്സരങ്ങൾ. പ്രീക്വാർട്ടറിൽ ശേഷിക്കുന്ന രണ്ടാം പാദ മത്സരങ്ങൾ മുൻനിശ്ചയിച്ച സ്റ്റേഡിയങ്ങളിൽ തന്നെ അടുത്ത മാസം ഏഴ്, എട്ട് തീയതികളിൽ നടക്കും. ഓഗസ്റ്റ് 12 മുതൽ 15 വരെ ക്വാർട്ടറും 19, 20 തീയതികളിൽ സെമിയും 23ന് ഫൈനലും നടക്കും.
ഇസ്താംബുളിലായിരുന്നു ചാന്പ്യൻസ് ലീഗ് ഫൈനൽ നടക്കേണ്ടത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ഒരു വേദി, നോക്കൗട്ട് എന്ന രീതിയിൽ മത്സരം പൂർത്തിയാക്കുന്നതിനാൽ ലിസ്ബണിലേക്ക് മാറ്റുകയായിരുന്നു. അടുത്ത സീസണ് ഫൈനൽ ഇസ്താംബുളിൽ നടക്കും.
അത്ലറ്റിക്കോ മാഡ്രിഡ്, റെഡ്ബുൾ ലൈപ്സിഗ്, പാരീ സാൻ ഷെർമയ്ൻ, അത്ലാന്ത എന്നിവയാണ് ക്വാർട്ടറിലേക്ക് ഇതിനോടകം യോഗ്യത സ്വന്തമാക്കിയത്. ആദ്യ ക്വാർട്ടർ പിഎസ്ജിയും അത്ലന്തയും തമ്മിലാണ്. രണ്ടാം ക്വാർട്ടറിൽ ലൈപ്സിഗും അത്ലറ്റിക്കോ മാഡ്രിഡും ഏറ്റുമുട്ടും.
യുവന്റസ് x ലിയോണ്‍, മാഞ്ചസ്റ്റർ സിറ്റി x റയൽ മാഡ്രിഡ്, ബയേണ്‍ x ചെൽസി, ബാഴ്സലോണ x നാപ്പോളി പ്രീക്വാർട്ടർ പോരാട്ടങ്ങളുടെ രണ്ടാം പാദം നടക്കാനുണ്ട്. ആദ്യ പാദത്തിൽ ലിയോണ്‍ 1-0ന് യുവന്റസിനെയും ബയേണ്‍ 3-0ന് ചെൽസിയെയും മാഞ്ചസ്റ്റർ സിറ്റി 2-1ന് റയൽ മാഡ്രിഡിനെയും കീഴടക്കിയപ്പോൾ നാപ്പോളിയും ബാഴ്സയും 1-1 സമനിലയിൽ പിരിഞ്ഞു.
റയൽ മഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള ജേതാക്കളാണ് ക്വാർട്ടറിൽ യുവന്റസ് x ഒളിംപിക് ലിയോണ്‍ ജേതാക്കളെ നേരിടുക. ബാഴ്സലോണ x നാപ്പോളി പ്രീക്വാർട്ടർ ജേതാക്കളെ കാത്തിരിക്കുന്നത് ബയേണ്‍ x ചെൽസി പ്രീക്വാർട്ടർ വിജയികളാണ്.
യൂറോപ്പ ലീഗ്
യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് x ഇന്റർ മിലാൻ പോരാട്ടം വരുമെന്ന സൂചനയാണ് ഇന്നലത്തെ ഡ്രോയിലൂടെ ലഭിച്ചത്. യൂറോപ്പ ലീഗിൽ രണ്ടാം പാദ പ്രീക്വാർട്ടർ പൂർത്തിയാകാനുണ്ട്. ക്വാർട്ടർ, സെമി പോരാട്ടങ്ങൾ നോക്കൗട്ട് രീതിയിലായിരിക്കും നടക്കുക.
ചാന്പ്യൻസ് ലീഗ്, യൂറോപ്പ ലീഗിൽ നോക്കൗട്ട്
12:12 AM Jul 11, 2020 | Deepika.com