സതാംപ്ടണ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവയ്ക്കപ്പെട്ടിരുന്ന രാജ്യാന്തര ക്രിക്കറ്റ് ഇന്നുമുതൽ തിരിച്ചെത്തുന്നു. ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് മത്സര ടെസ്റ്റ് പരന്പയിലെ ആദ്യപോരാട്ടം ഇന്ന് സതാംപ്ടണിലെ റോസ് ബൗൾ ക്രിക്കറ്റ് മൈതാനത്ത് തുടങ്ങും. ഇന്ത്യൻ സമയം വൈകുന്നേരം 3.30നാണ് മത്സരം. സോണി സിക്സ് ഇന്ത്യയിൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന പരന്പരയാണിത്. രണ്ടും മൂന്നും ടെസ്റ്റുകൾ ഓൾഡ് ട്രാഫഡിൽ നടക്കും.
കൊറോണയെത്തുടർന്ന് നിർത്തിവച്ച ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിച്ചെങ്കിലും ക്രിക്കറ്റ് തുടങ്ങിയിരുന്നില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ടെസ്റ്റ് പരന്പര. വിൻഡീസ് ടീം ഒരു മാസം മുന്പ് ഇംഗ്ലണ്ടിലെത്തി ക്വാറന്റൈൻ പൂർത്തിയാക്കിയിരുന്നു. മത്സരത്തിനിടെ ബൗളർമാർ പന്തിന് മിനുസം കൂട്ടാൻ തുപ്പൽ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കളിക്കാർ തമ്മിൽ കൈകൊടുക്കൽ, കെട്ടിപ്പിടിച്ചുള്ള ആഘോഷങ്ങൾ എന്നിവയ്ക്കും നിരോധനമുണ്ട്. മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരൻ കൊറോണ രോഗലക്ഷണം കാണിച്ചാൽ പകരക്കാരനെ ഇറക്കാനുള്ള അനുമതിയുണ്ട്. വൈറസ് വ്യാപനം തടയാൻ സഹായിക്കുന്ന ബയോസെക്യുർ അന്തരീക്ഷത്തിലാണ് മത്സരങ്ങൾ. കളിക്കാർക്ക് സ്റ്റേഡിയത്തിനകത്തേക്കും പുറത്തേക്കും പോകാൻ അതിസുരക്ഷാ പാത ഒരുക്കിയിട്ടുണ്ട്. ഒഫീഷലുകൾക്കും മറ്റുള്ളവർക്കും ഇതുപോലെ പ്രത്യേക പാതയുണ്ട്.
ജോ റൂട്ടിന്റെ അഭാവത്തിൽ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിനെ നയിക്കുക. രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് റൂട്ട് അവധിയിലായതിനാലാണിത്. 2014നുശേഷം ആദ്യമായാണ് റൂട്ട് ഇംഗ്ലണ്ട് ടീമിൽ ഇല്ലാതിരിക്കുന്നത്. സ്റ്റോക്സിന് റൂട്ട് വിജയാശംസ നേർന്നു.
മൂന്നു മാസത്തിനു ശേഷം
മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് പുനരാരംഭിക്കുന്നത്. ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ടുവരെ ക്രൈസ്റ്റ് ചർച്ചിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലായിരുന്നു കൊറോണ ലോക്ക് ഡൗണിനു മുന്പത്തെ അവസാന ടെസ്റ്റ്. മാർച്ച് 13ന് ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലായിരുന്നു അവസാന ഏകദിനം. കൊവിഡ് ഭീഷണിക്കു മുന്പുള്ള അവസാന രാജ്യാന്തര ക്രിക്കറ്റ് മത്സരവും അതായിരുന്നു.
ഇനി ക്രിക്കറ്റ് ദിനങ്ങൾ ; ഇംഗ്ലണ്ട് x വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരന്പര ഇന്നു മുതൽ
12:15 AM Jul 08, 2020 | Deepika.com