ഒരൊറ്റ പേര്, സച്ചിൻ... അതിൽ എല്ലാം പൂർണം, ടീം ഇന്ത്യയും ക്രിക്കറ്റും റിക്കാർഡും സെഞ്ചുറിയും എല്ലാം... ഏകദിന ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരാണെന്നതിൽ ഒരുത്തരമേയുള്ളൂ സച്ചിൻ രമേശ് തെണ്ടുൽക്കർ എന്ന സച്ചിൻ തെണ്ടുൽക്കർ. ഏകദിനത്തിൽ 15,000 റണ്‍സ് എന്ന അത്യപൂർവ റിക്കാർഡ് സച്ചിൻ കുറിച്ചത് 13 വർഷം മുന്‍പത്തെ ജൂണ്‍ 29ന്. 2007ൽ അയർലൻഡിൽവച്ച് നടന്ന ഫ്യൂച്ചർ കപ്പ് സീരീസിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിലായിരുന്നു സച്ചിൻ ആ നാഴികക്കല്ല് പിന്നിട്ടത്.
മൂന്ന് മത്സര പരന്പരയിലെ ആദ്യ മത്സരത്തിൽ സച്ചിൻ 143 പന്തിൽ 99 റണ്‍സ് എടുത്തു. എങ്കിലും ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി. സച്ചിന്റെ 42-ാം ഏകദിന സെഞ്ചുറിക്കായി കാത്തിരുന്നവർ നിരാശരാക്കപ്പെട്ടു. ബെൽഫാസ്റ്റിലെ സിവിൽ സർവീസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ രണ്ടാം മത്സരം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ബൗളിംഗ് തെരഞ്ഞെടുത്തു. സച്ചിൻ 50 റണ്‍സ് കൂടി നേടിയാൽ 15,000 എന്ന നാഴികക്കല്ല് പിന്നിടാമെന്ന സാഹചര്യത്തിലാണ് മത്സരം നടക്കുന്നത്. 50 ഓവറിൽ ദക്ഷിണാഫ്രിക്ക ആറിന് 226ൽ ഒതുങ്ങി. മറുപടിക്കിറങ്ങിയ ഇന്ത്യക്കായി സച്ചിനും സൗരവ് ഗാംഗുലിയും ഓപ്പണിംഗ് കൂട്ടുകെട്ടിൽ നേടിയത് 134 റണ്‍സ്. ഇതിനിടെ 18-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു സച്ചിൻ 50ൽ എത്തിയതും ഏകദിന ക്രിക്കറ്റിൽ 15,000 റണ്‍സ് തികച്ചതും. ദക്ഷിണാഫ്രിക്കൻ പേസർ ആന്ദ്രേ നെലിന്റെ പന്ത് കവറിലേക്ക് തിരിച്ചുവിട്ട് നേടിയ സിംഗിളിലൂടെ സച്ചിൻ ഓടിക്കയറിയത് ചരിത്രത്തിലേക്ക്. ആ പന്തിൽ ഓവർ ത്രോയിലൂടെ നാല് റണ്‍സ്കൂടി സച്ചിന്റെ അക്കൗണ്ടിലേക്ക് ദക്ഷിണാഫ്രിക്ക സമ്മാനിച്ചു എന്നതും രസകരമായ ചരിത്രം. 106 പന്തിൽ 93 റണ്‍സുമായി സച്ചിൻ പുറത്തായി. 42-ാം സെഞ്ചുറിക്കരികെ തുടർച്ചയായ രണ്ടാം തവണയും സച്ചിൻ പുറത്ത്. എന്നാൽ, മത്സരം ഇന്ത്യ ആറ് വിക്കറ്റിനു ജയിച്ചു. സച്ചിൻ മാൻ ഓഫ് ദ മാച്ചും ആയി. മൂന്നാം ഏകദിനത്തിലും ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ച് പരന്പര 2-1നു സ്വന്തമാക്കി. യുവരാജ് സിംഗ് ആയിരുന്നു മൂന്നാം മത്സരത്തിന്റെ വിജയ ശിൽപ്പി.
384-ാം ഏകദിനത്തിലായിരുന്നു സച്ചിൻ 15,000 റണ്‍സ് കടന്നത്. പിന്നീട് 79 ഏകദിനങ്ങളിൽകൂടി സച്ചിൻ ഇന്ത്യൻ ജഴ്സി അണിഞ്ഞു. 463 ഏകദിനങ്ങളിൽനിന്ന് 49 സെഞ്ചുറിയും 96 അർധസെഞ്ചുറിയും ഉൾപ്പെടെ 18,426 റണ്‍സ് ആണ് സച്ചിന്റെ സന്പാദ്യം. ഏകദിന ചരിത്രത്തിൽ റണ്‍ വേട്ടയിൽ രണ്ടാമതുള്ളത് ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ് (14,234). 239 ഏകദിനത്തിൽനിന്ന് 43 സെഞ്ചുറിയടക്കം 11,867 റണ്‍സുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഈ റിക്കാർഡുകൾ മറികടന്നേക്കും.
അനീഷ് ആലക്കോട്
സച്ചിൻ, സച്ചിൻ, സച്ചിൻ...
12:30 AM Jun 29, 2020 | Deepika.com