ബാഴ്സലോണ: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി തന്റെ ജന്മദിനത്തിൽ ചുവപ്പ് കാർഡ് കാണാതെ രക്ഷപ്പെട്ടു. സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണ x അത്ലറ്റിക് ബിൽബാവോ മത്സരത്തിനിടെയായിരുന്നു എതിർതാരത്തെ അപകടകരമായ രീതിയിൽ ടാക്കിൾ ചെയ്തിട്ടും മെസിക്ക് കാർഡ് ഒഴിവായത്. മെസിക്ക് 33 വയസ് പൂർത്തിയായ ഇന്നലെയായിരുന്നു ബാഴ്സ x ബിൽബാവോ പോരാട്ടം. 68-ാം മിനിറ്റിൽ പന്ത് വരുതിയിലാക്കാനുള്ള ശ്രമത്തിനിടെയാണ് ബിൽബാവോ പ്രതിരോധതാരം യെറെ ആൽവെരെസിന്റെ പാദത്തിൽ മെസി ചവിട്ടിയത്.
മത്സരത്തിൽ 71-ാം മിനിറ്റിൽ ഇവാൻ റാക്കിറ്റിക്ക് നേടിയ ഗോളിൽ ബാഴ്സലോണ 1-0ന് ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ഇതേ ഗോൾ വ്യത്യാസത്തിൽ ലെവാന്റയെ മറികടന്നു. 31 മത്സരങ്ങൾ പൂർത്തിയാക്കിയ ബാഴ്സലോണ 68 പോയിന്റുമായി ലീഗിന്റെ തലപ്പത്ത് തിരിച്ചെത്തി. റയൽ മാഡ്രിഡ് 65 പോയിന്റുമായി രണ്ടാമതുണ്ട്.
ജന്മദിനത്തിൽ ചുവപ്പു കാണാതെ മെസി രക്ഷപ്പെട്ടു
12:20 AM Jun 25, 2020 | Deepika.com