മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ഒരു ഗോളിനു പിന്നിൽനിന്നശേഷം നാലു ഗോൾ തിരിച്ചടിച്ച് വന്പന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ ഉജ്വല ജയം. എവേ പോരാട്ടത്തിൽ ലെവർകൂസനെതിരെ ബയേണ്‍ 4-2ന്റെ ജയം സ്വന്തമാക്കി. ഒന്‍പതാം മിനിറ്റിൽ ലൂകാസ് അലാരിയോയിലൂടെ ലെവർകൂസൻ മുന്നിൽ കടന്നു. എന്നാൽ, കിംഗ്സ്ലി കോൾമാൻ (27), ലിയോണ്‍ ഗോരെറ്റ്സ്ക (42), സെർജി ഗ്നാബറി (45+1), റോബർട്ട് ലെവൻഡോവ്സ്കി (66) എന്നിവരുടെ ഗോളുകളിലൂടെ ബയേണ്‍ 4-1നു മുന്നിലെത്തി. 89-ാം മിനിറ്റിൽ ഫ്ളോറിൻ വിറ്റ്സിലൂടെ ലെവർകൂസൻ ഒരു ഗോൾകൂടി മടക്കി പരാജയഭാരം കുറച്ചു.
അതേസമയം, 30 മത്സരങ്ങൾ പൂർത്തിയായപ്പോൾ 90 ഗോൾ എന്ന ബുണ്ടസ് ലിഗ റിക്കാർഡിൽ ബയേണ്‍ മ്യൂണിക്കും ഇന്നലെ എത്തി. പോയിന്റ് പട്ടികയിലും ബയേൺ (70 പോയിന്റ്) തലപ്പത്താണ്.
റിക്കാർഡ് ലെവൻ
ഇന്നലത്തെ ഗോളോടെ ബുണ്ടസ് ലിഗയിൽ മൂന്നാം തവണയും ഒരു സീസണിൽ 30ൽ അധികം ഗോൾ എന്ന നേട്ടത്തിൽ ലെവൻഡോവ്സ്കി എത്തി. 2016-17, 2017-18 സീസണുകളിലായിരുന്നു മുന്‍പ് പോളിഷ് താരം ഈ നേട്ടം കൈവരിച്ചത്. ജർമൻ ഇതിഹാസം ഗർഡ് മ്യൂളർ മാത്രമേ (അഞ്ച്) ഒന്നിലധികം തവണ ഈ നേട്ടം മുന്‍പ് കൈവരിച്ചിട്ടുള്ളൂ. ഈ സീസണിൽ ബയേണിനായി 44-ാം ഗോളാണ് താരം സ്വന്തമാക്കിയത്. ഒരു സീസണിൽ ബയേണിനായി ഏറ്റവും അധികം ഗോൾ നേടുന്ന സ്വന്തം റിക്കാർഡും ഇതോടെ പോളിഷ് താരം തിരുത്തി.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ലൈപ്സിഗും പഡേർബോണും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഡുസൽഡോർഫും ഹൊഫെൻഹീമും രണ്ട് ഗോൾ വീതമടിച്ചും പോയിന്റ് പങ്കുവച്ചു. ഫ്രൈബർഗ് 1-0ന് മോണ്ഹെൻഗ്ലാഡ്ബാകിനെയും മെയ്ന്റ്സ് 2-0ന് എൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെയും കീഴടക്കി.
ബയേണ്‍ ഗോളുത്സവം
12:00 AM Jun 07, 2020 | Deepika.com