ന്യൂഡൽഹി/മുംബൈ: കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിബന്ധനകളിൽ ചിലതിൽ അയവുവരുത്തിയതോടെ കായിക മത്സരങ്ങൾ പുനരാരംഭിക്കാനുള്ള സാധ്യത തെളിയുന്നു. ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിൽ രാജ്യത്തെ സ്റ്റേഡിയങ്ങൾ തുറക്കാനുള്ള അനുമതി ഇന്നലെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കാണികളില്ലാതെ സ്റ്റേഡിയങ്ങളും സ്പോർട്സ് കോംപ്ലക്സുകളും തുറക്കാമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്ന് മുതൽ 31വരെയുള്ള നാലാം ഘട്ട ലോക്ക് ഡൗണിലാണ് സ്റ്റേഡിയങ്ങൾ തുറക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. മാർച്ച് 25നാണ് ഇന്ത്യയിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
രാജ്യത്തെ സ്റ്റേഡിയങ്ങൾ തുറക്കുന്നതോടെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ്, ഇന്ത്യയുടെ പരന്പരകൾ തുടങ്ങിയവ നടക്കുമോ എന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്. ലോക്ക് ഡൗണിനെത്തുടർന്ന് 2020 സീസണ് ഐപിഎൽ ആരംഭിക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ പര്യടനം നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. അതോടെ പരന്പര പൂർത്തിയാക്കാതെ ദക്ഷിണാഫ്രിക്കൻ ടീം മടങ്ങി.
ഫുട്ബോൾ, ബാഡ്മിന്റണ്‍, ടെന്നീസ്, അത്ലറ്റിക്സ് മത്സരങ്ങളും ലോക്ക് ഡൗണിൽ മുടങ്ങിയിരുന്നു. ഇതെല്ലാം കാണികളില്ലാതെ, അടച്ചിട്ട സ്റ്റേഡിയങ്ങളിൽ പുനരാരംഭിക്കാനുള്ള അനുമതിയാണ് കേന്ദ്രം ഇന്നലെ നൽകിയത്.
ജർമനിയിൽ ശനിയാഴ്ച ബുണ്ടസ് ലിഗ ഫുട്ബോൾ പുനരാരംഭിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കൃത്യമായ നിയന്ത്രണങ്ങൾ പാലിച്ചാണ് ബുണ്ടസ് ലിഗ ആരംഭിച്ചത്. സ്പാനിഷ് ലാ ലിഗ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഇറ്റാലിയൻ സീരി എ എന്നിവ അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്.
ലങ്കൻ പര്യടനത്തിന് ഇന്ത്യ
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ ജൂലൈ അവസാനം ശ്രീലങ്കൻ പര്യടനത്തിന് ഇന്ത്യൻ ടീം തയാറാണെന്ന് ബിസിസിഐ. അനുമതി ലഭിക്കുകയാണെങ്കിൽ ആറു മത്സരങ്ങളടങ്ങിയ പരന്പര ഇന്ത്യ കളിക്കും. കളിക്കാർ, പരിശീലകർ, സപ്പോർട്ടിംഗ് സ്റ്റാഫ് തുടങ്ങിയ എല്ലാവരുടെയും ആരോഗ്യസ്ഥിതിയിലും സുരക്ഷയിലും ക്രമീകരണങ്ങൾ പാലിച്ചായിരിക്കും പര്യടനമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ ഓസ്ട്രേലിയൻ പര്യടനത്തിനും ക്വാറന്റൈൻ പാലിച്ച് തയാറാണെന്ന് ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു.
അടച്ചിട്ട സ്റ്റേഡിയത്തിൽ മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20യും നടത്താനാണ് നീക്കം. ജൂലൈ അവസാനമായിരിക്കും മത്സരങ്ങളെന്നും ഇന്ത്യൻ ടീം ക്വാറന്റൈൻ പാലിക്കേണ്ടി വരുമെന്നും ലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു.
നാലാം ഘട്ട ലോക്ക് ഡൗണിൽ കാണികളില്ലാതെ സ്റ്റേഡിയം തുറക്കാം
10:49 PM May 17, 2020 | Deepika.com