ബ്രിട്ടനില്‍ കോവിഡ് അതിരൂക്ഷമായി മാറുമ്പോള്‍ യുര്‍ഗന്‍ ക്ലോപ്പിന്റെയും ലിവര്‍പൂള്‍ ടീമംഗങ്ങളുടെയും മാനസികാവസ്ഥ എന്തായിരിക്കും. കപ്പിനും ചുണ്ടിനും ഇടയില്‍ പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമാകുന്ന അവസ്ഥ ലിവര്പൂളിനോളം അനുഭവിച്ച വേറെ ടീമുകള്‍ ഉണ്ടാവില്ല. കാര്‍ലോസ് ആന്‍സലോട്ടി(എവര്ട്ടന്), പെപ്പെ ഗ്വാര്‍ഡിയോള(മാഞ്ചസ്റ്റര്‍ സിറ്റി), ഒലെ ഗണ്ണര്‍ സോള്‍ഷയര്‍( മാഞ്ചസ്റ്റര്‍ യുണൈറ്റഡ്) തുടങ്ങിയ സൂപ്പര്‍ പരിശീലകര്‍ വീട്ടുകാരുമായി സമയം ചെലവിട്ടു സന്തോഷിക്കുമ്പോള്‍ ലിവര്‍പൂള്‍ പരിശീലകന് യുര്‍ഗന്‍ ക്ലോപ്പിന് എങ്ങനെ സന്തോഷിക്കാനാവും.
നിലവിലെ സാഹചര്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് റദ്ദാക്കിയാല്‍ നഷ്ടമുണ്ടാകാന്‍ പോകുന്നത് ക്ലോപ്പിനും ലിവര്‍പൂളിനും മാത്രമായിരിക്കും. കാരണം തകര്‍ന്നടിയുന്നത് ആദ്യ പ്രീമിയര്‍ ലീഗ് കിരീടമെന്ന അവരുടെ സ്വപ്നമായിരിക്കും. 30 വര്‍ഷത്തിനു ശേഷമുള്ള ഫസ്റ്റ് ഡിവിഷന് കിരീടമോഹവും.
കഴിഞ്ഞ വര്‍ഷം ഒരൊറ്റ പോയിന്റിനാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക് അടിയറവുവച്ചത്. ചാമ്പ്യന്‍സ് ലീഗ് നേടിയെങ്കിലും പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമായതിന്റെ ദുഃഖം പരിശീലകന് യുര്‍ഗന്‍ ക്ലോപ്പ് തുറന്നു പറഞ്ഞിരുന്നു. 2013-14 സീസണിലും കപ്പിനും ചുണ്ടിനുമിടയ്ക്കാണ് ലിവര്‍പൂളിന് കിരീടം നഷ്ടമായത്. അന്ന് സിറ്റിക്കു പിന്നില്‍ രണ്ടാമതായത് വെറും രണ്ട് പോയന്റിന്റെ വ്യത്യാസത്തിലും. 1989-90 സീസണിലാണ് ലിവര്‍പൂള്‍ അവസാനമായി ഒന്നാം ഡിവിഷന് കിരീടം ചൂടിയത്.
എന്നാല്‍ ക്ലോപ്പിന്റെ കുട്ടികള്‍ രണ്ടും കല്‍പ്പിച്ചായിരുന്നു കളത്തിലിറങ്ങിയത്. 30 വര്‍ഷങ്ങള്‍ക്കു ശേഷം കിരീടം തങ്ങളുടെ ഷെല്‍ഫിലെത്തുമെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. സീസണില്‍ വാറ്റ്ഫോര്‍ഡിനോടേറ്റ തോല്‍വി ഒഴിച്ചു നിര്‍ത്തിയാല്‍ അതി ഗംഭീരം എന്നേ ഈ പ്രകടനത്തെ വിശേഷിപ്പിക്കാനാവൂ. അവശേഷിക്കുന്ന ഒമ്പത് മത്സരങ്ങളില്‍ വെറും രണ്ടേ രണ്ടു വിജയം മാത്രമാണ് ലിവര്‍പൂളിന് കിരീടത്തിലേക്കുള്ള അകലം.
പ്രീമിയര്‍ ലീഗ് റദ്ദാക്കിയാല്‍ ലീഗിലെ മുമ്പന്മാര് എന്ന നിലയില്‍ ജേതാക്കളാകാന്‍ ലിവര്‍പൂളിന് സാധിക്കില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ നിലവിലെ പ്രീമിയര്‍ ലീഗ് നിയമങ്ങള്‍ ഇത് അനുവദിക്കുന്നതല്ല എന്നതാണ് വസ്തുത. അങ്ങനെയെങ്കില്‍ ഇത്തവണയും ആന്‍ഫീല്‍ഡ് കണ്ണീരില്‍ കുതിരുമെന്നര്ഥം.
കഴിഞ്ഞ സീസണില്‍ 23 കളികള്‍ പൂര്‍ത്തിയാവുമ്പോള്‍ വെറും ഒരേയൊരു തോല്‍വിയായിരുന്നു ലിവര്‍പൂള്‍ നേരിട്ടത്. എതിരാളിയായ മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഏറെ മുമ്പിലും. എന്നാല്‍ പിന്നീടുള്ള ആറു കളികളില്‍ വഴങ്ങിയ നാലു സമനിലകള്‍ ലിവര്‍പൂളിന് ഫലത്തില്‍ വലിയ തിരിച്ചടിയായി. ശേഷിക്കുന്ന ഒമ്പതു മത്സരങ്ങളും ജയിച്ചെങ്കിലും കാര്യമുണ്ടായില്ല. സിറ്റിയാവട്ടെ 24-ാം മത്സരം തോറ്റെങ്കിലും പിന്നീടുള്ള 14 കളികളും തുടര്‍ച്ചയായി ജയിച്ച് നാടകീയമായി കീരിടം ചൂടുകയും ചെയ്തു.
മറ്റൊരു കൗതുകകരമായ കാര്യം എന്തെന്നുവച്ചാല്‍ ലോകത്തെ ഏറ്റവുമധികം ആരാധകരുള്ള ലീഗുകളുള്ള രാജ്യങ്ങളിലെല്ലാം കോവിഡ് കനത്ത നാശമാണ് വിതച്ചതെന്നതാണ്. പ്രീമിയര്‍ ലീഗിനെക്കൂടാതെ ലീഗ് വണ്‍(ഫ്രാന്‍സ്), സീരി എ(ഇറ്റലി), ബുണ്ടസ് ലിഗ (ജര്‍മനി), ലാ ലിഗ (സ്പെയിന്) ഈ ലീഗുകളെയും കോവിഡ് കാര്യമായി ബാധിച്ചു. ഈ രാജ്യങ്ങളുടെയെല്ലാം സ്ഥിതി അതീവ ഗുരുതരമാണ്.
ഇതൊക്കെ ആലോചിച്ചാല്‍ ഫുട്ബോളിനു മേല്‍ വന്നു പതിച്ച ശാപമാണോ കോവിഡ് എന്നുവരെ തോന്നിപ്പോകും. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോക്കപ്പ് അടക്കമുള്ള ടൂര്‍ണമെന്റുകള്‍ ഇതിനോടകം മാറ്റിവച്ചുകഴിഞ്ഞു. എന്നാല്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് തുടങ്ങാന്‍ ഏതാനും മാസം മാത്രമേയുള്ളൂ എന്ന സ്ഥിതിക്ക് നിലവിലെ സീസണ് ഉപേക്ഷിക്കാനാണ് കൂടുതല്‍ സാധ്യത.
ബ്രിട്ടനിലെ നിലവിലെ സാഹചര്യമാവട്ടെ ലിവര്‍പൂളിന് യാതൊരു പ്രത്യാശയും നല്കുന്നതുമല്ല. 7000ല്‍ അധികം ആളുകളാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ബ്രിട്ടനില്‍ ഇതുവരെ മരണമടഞ്ഞത്. 60000ല്‍ പരം ആളുകള്‍ വൈറസ് ബാധിതരാവുകയും ചെയ്തിരിക്കുന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്സന് വരെ ഐസിയുവിലാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം കോവിഡ് ഈ ലോകത്തു നിന്നു പോകാന്‍ ദൈവത്തോടു പ്രാര്‍ഥിക്കാന്‍ മാത്രമേ ക്ലോപ്പിനും ലിവര്‍പൂള്‍ ടീമംഗങ്ങള്‍ക്കും ആവൂ.
അജിത് ജി. നായര്‍
നോക്കെത്താദൂരത്ത് കണ്ണും നട്ട് ലിവര്‍പൂള്‍
10:36 PM Apr 09, 2020 | Deepika.com