മുംബൈ: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ കേരള പോലീസ് ഡ്രോണ്‍ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചിരിക്കുകയാണ്. നാട്ടിന്‍പുറത്തും മറ്റും അനാവശ്യമായി കൂട്ടംകൂടുന്നവരെ പിടിക്കാനാണ് പോലീസിന്റെ ശ്രമം. കൊറോണകാലത്ത് കേരള പോലീസിന്റെ പല വീഡിയോകളും വൈറലായി. ഇപ്പോള്‍ ഡ്രോണ്‍ വീഡിയോയും വൈറലായിക്കുകയാണ്. സംസ്ഥാനത്തെ പലഭാഗങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ച് നിയമലംഘകരെ പോലീസ് കണ്ടെത്തി പിടികൂടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ പരിശീലകന് രവി ശാസ്ത്രിയുടെ പ്രശസ്തമായ ‘’ട്രേസര്‍ ബുള്ളറ്റ് ചലഞ്ച് കമന്ററിപ്രയോഗം ഉപയോഗിച്ചാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വളരെ രസകരമായി ആളുകള്‍ ഓടുന്നതിനൊപ്പം കമന്ററി അനുയോജ്യമായി ചേര്‍ത്ത് വീഡിയോ മനോഹരമാക്കിയിരിക്കുകയാണ്. കേരള പോലീസിന്റെ ഈ വീഡിയോ രവി ശാസ്ത്രി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുമുണ്ട്.
ഷൂട്ട് ചെയ്ത ഡ്രോണ്‍ കാമറ ദൃശ്യങ്ങള്‍ കേരള പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മുന്‍പ് രവി ശാസ്ത്രി സഹ കമന്റേറ്റര്‍മാരെ തന്റെ പ്രശസ്തമായ ‘’ട്രേസര്‍ ബുള്ളറ്റ്’’ പ്രയോഗം പഠിപ്പിക്കുന്നതിന്റെ ഓഡിയോയാണ് ഈ ദൃശ്യങ്ങള്‍ക്ക് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്.
ഡ്രോണ്‍ കണ്ടതോടെ കൂട്ടത്തോടെ വെടിയുണ്ട കണക്കെയാണ് ആളുകള്‍ ഓടി രക്ഷപ്പെടുന്നത്. പലരും തലയില്‍ മുണ്ടിട്ടും മുഖം മറച്ചുമാണ് ഓടുന്നത്. പാടത്തും പറമ്പിലും കളിക്കുന്നവരും മറ്റുമാണ് ദൃശ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകുന്നതിനു മുന്‍പ് ക്രിക്കറ്റ് കമന്റേറ്ററായിരുന്ന ശാസ്ത്രി, 2016ലാണ് തന്റെ സഹ കമന്റേറ്റര്‍മാക്കു മുന്നില്‍ ‘’ട്രേസര്‍ ബുള്ളറ്റ് ചാലഞ്ച്’’ വച്ചത്.
കേരള പോലീസിന്റെ ഡ്രോണ്‍ വീഡിയോയ്ക്ക് രവി ശാസ്ത്രിയുടെ കമന്ററി!
10:36 PM Apr 09, 2020 | Deepika.com