ന്യൂഡല്‍ഹി: കോവിഡ്-19 എന്ന മഹാമാരിക്കെതിരേ പോരാടാനുള്ള ധനശേഖരണാര്‍ഥം ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പര നിര്‍ദേശിച്ച് മുന്‍ പാക്കിസ്ഥാന് പേസര്‍ ഷൊയ്ബ് അക്തര്‍. ഇരു രാജ്യങ്ങളിലെയും കോവിഡിനെതിരേയുള്ള പോരാട്ടത്തിനായാണ് അക്തര്‍ ഇരു രാജ്യങ്ങളുമായുള്ള ക്രിക്കറ്റ് പരമ്പരയെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. മൂന്ന് ഏകദിനങ്ങളാണ് മുന്‍ പേസര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പാക്കിസ്ഥാനില്‍നിന്നുള്ള തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്തുന്ന കാരണത്താല്‍ 2007 മുതല്‍ ഇരു രാജ്യങ്ങളും തമ്മിള്‍ ഒരു സമ്പൂര്‍ണ പരമ്പര നടത്തിയിട്ടില്ല. ഇരു അയല്‍രാജ്യങ്ങളും ഐസിസിയുടെ ടൂര്‍ണമെന്റുകളിലും ഏഷ്യ കപ്പിലും മാത്രമാണ് ഏറ്റുമുട്ടുന്നത്.
“ഇതൊരു ദുരന്തകാലമാണ്. മൂന്നു മത്സരങ്ങളുടെ പരമ്പരയാണ് ഞാന്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതില്‍ ആദ്യമായി ഇരുരാജ്യത്തെയും ജനങ്ങള്‍ പരമ്പരയുടെ ഫലം എന്തുതന്നെയായാലും സന്തോഷിക്കണം”- അക്തര്‍ പറഞ്ഞു. കോഹ് ലി സെഞ്ചുറി അടിച്ചാല്‍ ഞങ്ങളും ബാബര്‍ അസാം സെഞ്ചുറി നേടിയാല്‍ നിങ്ങളും സന്തോഷിക്കണം. കളത്തില്‍ എന്തു സംഭവിച്ചാലും ഇരു ടീമുകളും വിജയികളായിരിക്കും- അക്തര്‍ പറഞ്ഞു.
ഈ മത്സരങ്ങള്‍ക്ക് വലിയതോതില്‍ കാണികളുടെ പങ്കാളിത്തം ലഭിക്കും. ഇതിലൂടെ ലഭിക്കുന്ന വരുമാനം തുല്യമായി പകര്‍ച്ചവ്യാധിക്കെതിരേയുള്ള പോരാട്ടത്തിന് ഓരോ രാജ്യത്തെയും സര്‍ക്കാരിന് തുല്യമായി വീതിക്കണം- അക്തര്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡ് -19: ഇന്ത്യ-പാക്കിസ്ഥാന് പരമ്പര നിര്‍ദേശിച്ച് അക്തര്‍
12:13 AM Apr 09, 2020 | Deepika.com