ദുബായ്: നിങ്ങൾ ഒരു ചെസ് വിദഗ്ധനോ, ആരാധകനോ ആണോ... ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദുമായി ചതുരംഗക്കളത്തിൽ ഏറ്റുമുട്ടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ... അങ്ങനെ ഒരു ആഗ്രഹം ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തിൽ സഫലമാക്കാനൊരു അവസരം ലഭിച്ചാൽ അത് നിങ്ങൾ മുതലാക്കുമോ... ആനന്ദുമായി എങ്ങനെ ഏറ്റുമുട്ടും, ലോക്ക് ഡൗണിൽ പുറത്തിറങ്ങി പോലീസിനെക്കൊണ്ട് പിടിപ്പിക്കാനാണോ ശ്രമം എന്ന ചിന്തയിൽ നെറ്റി ചുളിക്കേണ്ട. സംഭവം സത്യമാണ്. പക്ഷേ, നിങ്ങൾ 150 ഡോളർ (11,330 രൂപ) മുടക്കണമെന്നുമാത്രം.
കൊറോണ വൈറസ് വ്യാപനത്തിനെതിരേ പോരാടാനും രോഗബാധിതരെ സഹായിക്കാനുമായി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്യാനാണ് ആനന്ദ് ഓണ്‍ലൈൻ ചെസ് മത്സരത്തിനു തയാറാകുന്നത്. chess.com എന്ന പോർട്ടലിലൂടെയാണ് ആനന്ദ് ഉൾപ്പെടെ 11 ഇന്ത്യൻ താരങ്ങളുമായി മത്സരിക്കാനുള്ള അവസരം ലഭിക്കുക. പോർട്ടലിൽ 25 ഡോളർ (1888 രൂപ) അടച്ച് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഇന്ത്യയുടെ ആറ് മുൻനിര താരങ്ങളിൽ രണ്ട് പേർക്കെതിരേ നിങ്ങൾക്ക് മത്സരിക്കാം.
കൊനേരു ഹംപി, പി. ഹരികൃഷ്ണ, ബി. ആഥിപൻ, വിദിത്ത് ഗുജറാത്തി, ദ്രോണവല്ലി ഹരിക തുടങ്ങിയ ഇന്ത്യൻ താരങ്ങളും ഓണ്‍ലൈൻ മത്സര രംഗത്തുണ്ട്. ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം രാത്രി 7.30നാണ് ചെസ് ഡോട്ട് കോമിൽ ആനന്ദും സംഘവും എത്തുക. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് ജർമനിയിലാണ് ആനന്ദ്.
ആനന്ദിനോട് ഏറ്റുമുട്ടാൻ ആരുണ്ട്
11:59 PM Apr 07, 2020 | Deepika.com