ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ടോട്ടനം ഹോട്സ്പറിന്റെ ദക്ഷിണ കൊറിയൻ സൂപ്പർ താരം സണ്‍ ഹ്യൂങ് മിൻ സൈനിക സേവനത്തിനായി തയാറെടുക്കുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയതോടെ സണ്‍ ഹ്യൂങ് മിൻ ദക്ഷിണ കൊറിയൻ സൈന്യത്തിനൊപ്പം ചേരുമെന്ന് ടോട്ടനം അറിയിച്ചു. മാർച്ച് അവസാനവാരം ദക്ഷിണ കൊറിയയിൽ മടങ്ങിയെത്തിയ ഹ്യൂങ് മിൻ നിലവിൽ ക്വാറന്റൈനിലാണ്. ഈ മാസം അവസാനത്തോടെ താരം കൊറിയൻ സൈന്യത്തിനൊപ്പം പരിശീലനം ആരംഭിക്കുമെന്നാണ് സൂചന. ഫെബ്രുവരിയിൽ ആസ്റ്റണ്‍ വില്ലയ്ക്കെതിരായ മത്സരത്തിനിടെ കൈക്ക് പൊട്ടലേറ്റ ഹ്യൂങ് മിൻ തുടർന്നു കളത്തിലിറങ്ങിയിരുന്നില്ല.
ദക്ഷിണ കൊറിയയിൽ പൂർണ ആരോഗ്യവാന്മാരായ എല്ലാ പുരുഷന്മാരും രണ്ട് വർഷം നിർബന്ധിത സൈനിക സേവനം നടത്തേണ്ടതുണ്ട്. 2018 ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയപ്പോൾ സണ്‍ ഹ്യൂങ് മിന്നിന്റെ 21 മാസത്തെ സൈനിക സേവനം ഇളവ് ചെയ്തിരുന്നു. ഈ മാസം 20 മുതൽ ജെജുവിലാകും മിന്നിന്റെ സൈനികസേവനം. മൂന്ന് ആഴ്ചയായിരിക്കും താരത്തിന്റെ സർവീസ് കാലാവധി.
സണ്‍ ഹ്യൂങ് മിൻ ലോക്ക് ഡൗണ്‍ പട്ടാളം
11:59 PM Apr 07, 2020 | Deepika.com