ലണ്ടന്‍: മഴമൂലം തടസപ്പെടുത്ത ക്രിക്കറ്റ് മത്സരങ്ങളില്‍ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കാന്‍ ഉപയോഗിക്കുന്ന ഡക്ക്വര്‍ത്ത്-ലൂയിസ് നിയമത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ടോണി ലൂയിസ് അന്തരിച്ചു. 78 വയസായിരുന്നു.
1997ലാണ് ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ പ്രഫ. ടോണി ലൂയിസും സ്റ്റാറ്റിസ്റ്റീഷ്യനായ ഫ്രാങ്ക് ഡക്ക്വര്‍ത്തും ചേര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് രീതി ആവിഷ്ക്കരിച്ചത്. 1996-97 സീസണില്‍ നടന്ന സിംബാബ്വേ- ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിലാണ് ഈ നിയമം ആദ്യമായി ഉപയോഗിച്ചത്. 1999ല്‍ ഐസിസി ഈ നിയമം അംഗീകരിച്ചു. അക്കാലത്ത് നടന്ന ഏകദിന ലോകകപ്പില്‍ ഈ നിയമം ഉപയോഗിച്ചു. 2014ല്‍ പ്രഫസര്‍ സ്റ്റീവന്‍ സ്റ്റേണ് ഈ നിയമത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തതോടെ മഴനിയമത്തില്‍ അദ്ദേഹത്തിന് പേരുകൂടി ചേര്‍ക്കപ്പെട്ടു. ഇതോടെ ഈ നിയമം ഡക്ക്വര്‍ത്ത്-ലൂയിസ്-സ്റ്റേണ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.ക്രിക്കറ്റ് എക്കാലവും ടോണിയോടും ഫ്രാങ്കിനോടും കടപ്പെട്ടിരിക്കുകയാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
1992ലെ ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനല്‍ മത്സരമാണ് ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ ഐസിസിയെ പ്രേരിപ്പിച്ചത്. 1992 മാര്‍ച്ച് 22ന് സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 45 ഓവറില്‍ 252 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനിടെ മഴയെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 13 പന്തില്‍ 22 റണ്‍സ് വേണമെന്നിരിക്കെയാണ് അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവച്ചത്. മഴമാറി മത്സരം തുടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു പന്തില്‍ 21 റണ്‍സായിരുന്നു. മത്സരം തോറ്റു.
ഇതോടെ മഴ തടസപ്പെടുത്തുന്ന മത്സരങ്ങളില്‍ വിജയലക്ഷ്യം പുനര്‍നിശ്ചയിക്കാന്‍ കുറച്ചുകൂടി ശാസ്ത്രീയമായ രീതി വേണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നു. ഇതോടെയാണ് ഫ്രാങ്ക് ഡക്ക്വര്‍ത്തും ടോണി ലൂയിസും ചേര്‍ന്ന് പുതിയ രീതി ആവിഷ്ക്കരിച്ചത്.
2010ല്‍ ക്രിക്കറ്റിനും ഗണിതശാസ്ത്രത്തിനും നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് ലൂയിസിന് എംബിഇ (മെമ്പര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍) ബഹുമതി നല്കി ആദരിച്ചു.
ടോണി ലൂയിസ് അന്തരിച്ചു
11:47 PM Apr 02, 2020 | Deepika.com