ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജൂലൈ 23ന് ഒളിമ്പിക്സിനു തുടക്കമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ആഗോളതലത്തില്‍ കൊറോണവൈറസ് പടര്‍ന്നു പിടിച്ചതോടെയാണ് ഈ വര്‍ഷം നടക്കേണ്ട ഒളിമ്പിക്സ് അടുത്ത വര്‍ഷം നടത്താനുള്ള ചരിത്ര തീരുമാനം എടുക്കേണ്ടിവന്നത്.
2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ ഒളിമ്പിക്സ് നടക്കും. പാരാലിമ്പിക് മത്സരങ്ങള്‍ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെയായിരിക്കുമെന്ന് ടോക്കിയോ 2020 തലവന്‍ യോഷിരോ മോരി പറഞ്ഞു.
ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും ടോക്കിയോ ഒളിന്പിക്സ് സംഘാടകരും സംയുക്തമായാണ് പുതിയ തീയതി തീരുമാനിച്ചത്.
ഈ വര്‍ഷം ജൂലൈ 24ന് തുടങ്ങേണ്ടിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ മാറ്റുകയായിരുന്നു. സമാധാനകാലത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നത്.
ഐഒസിയും ജപ്പാനും ഒളിമ്പിക്സ് മാറ്റാന്‍ ആദ്യം തയാറായിരുന്നില്ല. എന്നാല്‍ കോവിഡ്-19 രോഗ ബാധ പെട്ടെന്ന് ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചതോടെ ഒളിമ്പിക്സ് മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
കൊറോണവൈറസ് ബാധ അതിവേഗം പടര്‍ന്നതോടെ ഒളിമ്പിക്സിനു മുമ്പുള്ള പല യോഗ്യതാ മത്സരങ്ങളും നടത്താനായില്ല.
ഒളിമ്പിക്സ് അടുത്ത വര്‍ഷം ജൂലൈ 23ന്
11:49 PM Mar 30, 2020 | Deepika.com